---
title: "ശിവസൂര്യയെ കാണാതായിട്ട്  45 ദിവസം ; അന്വേഷണം ശക്തമാക്കാൻ നാട്ടുകാർ ഇന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കും."
english_title: "Shivasurya Missing 45 Days Action Committee Today Kariyad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383989/shivasurya-missing-45-days-action-committee-kariyad-chokli"
published_at: "2026-09-24T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4a04116c43_shivasurya-missing-45-days-action-committee-kariyad-chokli.jpg"
keywords: []
---

# ശിവസൂര്യയെ കാണാതായിട്ട്  45 ദിവസം ; അന്വേഷണം ശക്തമാക്കാൻ നാട്ടുകാർ ഇന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കും.

> **Lead Summary:** ചൊക്ലി: ഒരു കുടുംബത്തിന്റെ കാത്തിരിപ്പ് 45-ാം ദിവസത്തിലേക്ക്. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് ഒന്നരമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ നിർണായക പുരോഗതിയില്ല. കേരളത്തിനകത്തും പുറത്തും വിവിധ സാധ്യതകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും വിദ്യാർത്ഥിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ഇടപെടലുമായി രംഗത്തെത്തുന്നത്. അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയും വിവിധ ഏജൻസികളുടെ സഹായത്തോടെ പരിശോധന ശക്തമാക്കുകയും ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയാണ്.

## Article Content

ചൊക്ലി: ഒരു കുടുംബത്തിന്റെ കാത്തിരിപ്പ് 45-ാം ദിവസത്തിലേക്ക്. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായിട്ട് ഒന്നരമാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ നിർണായക പുരോഗതിയില്ല. കേരളത്തിനകത്തും പുറത്തും വിവിധ സാധ്യതകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും വിദ്യാർത്ഥിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ഇടപെടലുമായി രംഗത്തെത്തുന്നത്. അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയും വിവിധ ഏജൻസികളുടെ സഹായത്തോടെ പരിശോധന ശക്തമാക്കുകയും ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയാണ്.

കരിയാട് പുളിയനമ്പ്രത്തെ ശിവപ്രിയത്തിൽ എ. ജിഗീഷിന്റെ മകനാണ് ശിവസൂര്യ. ആഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീട്ടിൽ നിന്ന് കാണാതായത്. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് കാശിയിലേക്ക് പോകുന്നതായും ഇനി ദൈവത്തോടൊപ്പം കഴിയുമെന്നുമുള്ള സൂചന നൽകുന്ന കുറിപ്പ് വീട്ടിൽ എഴുതിവെച്ചിരുന്നതായി കുടുംബം പറയുന്നു.

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെ തുടർന്ന് പിതാവ് ഫോൺ പിടിച്ചുവെച്ചതിന് പിന്നാലെയാണ് ശിവസൂര്യ വീട്ടിൽ നിന്ന് പോയതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും പിന്നീട് തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ശിവസൂര്യ പോയതായി കരുതുന്ന വിവിധ സ്ഥലങ്ങൾ, യാത്രാമാർഗങ്ങൾ, സാധ്യതയുള്ള താമസകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തിയിരുന്നു. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല.

ദിവസങ്ങൾ പിന്നിടുന്നതിനനുസരിച്ച് കുടുംബത്തിന്റെ ആശങ്കയും വർധിക്കുകയാണ്. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കണമെന്ന അഭ്യർത്ഥനയും കുടുംബം മുന്നോട്ടുവെച്ചിട്ടുണ്ട്.

അന്വേഷണം ഒരു ഘട്ടത്തിൽ മന്ദഗതിയിലാകാതിരിക്കാനും കൂടുതൽ സാധ്യതകൾ പരിശോധിക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിക്കാനുമാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

ഇതിനായുള്ള യോഗം ഇന്ന് വൈകീട്ട് നാലിന് സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. ശിവസൂര്യയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിനൊപ്പം വിഷയത്തിൽ അധികൃതരുടെ കൂടുതൽ ഇടപെടൽ ഉറപ്പാക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്യും.

45 ദിവസമായി മകനെ കാത്തിരിക്കുന്ന കുടുംബത്തിന് പ്രതീക്ഷ നൽകാൻ അന്വേഷണം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാരും ഉയർത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383989/shivasurya-missing-45-days-action-committee-kariyad-chokli)