---
title: "വെള്ളാനകളുടെ നാട് സിനിമ പോലായി, മാഡം…, കുടുംബസമേതം നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരിക്കും” ;  പാനൂർ ബൈപ്പാസ് റോഡ് നവീകരണം ഇഴയുന്നതിൽ പരാതിക്കെട്ടഴിച്ച് പ്രദേശവാസികൾ"
english_title: " Panoor Bypass Road Renovation Delay Residents Protest Dust Complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383926/panoor-bypass-road-renovation-delay-residents-protest"
published_at: "2026-09-23T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3b13296d12_Untitled-8_copy.jpg"
keywords: ["Panoor Bypass Road", "Panoor Municipality", "Road Renovation", "Panoor News"]
---

# വെള്ളാനകളുടെ നാട് സിനിമ പോലായി, മാഡം…, കുടുംബസമേതം നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരിക്കും” ;  പാനൂർ ബൈപ്പാസ് റോഡ് നവീകരണം ഇഴയുന്നതിൽ പരാതിക്കെട്ടഴിച്ച് പ്രദേശവാസികൾ

> **Lead Summary:** പാനൂർ: പാനൂർ ബൈപ്പാസ് റോഡ് നവീകരണം അനന്തമായി നീളുന്നതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. റോഡ് പണി പാതിവഴിയിൽ നിലച്ചതോടെ യാത്രാദുരിതത്തിനും പൊടിശല്യത്തിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ നഗരസഭാ അധികൃതരെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചത്.

## Article Content

പാനൂർ: പാനൂർ ബൈപ്പാസ് റോഡ് നവീകരണം അനന്തമായി നീളുന്നതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. റോഡ് പണി പാതിവഴിയിൽ നിലച്ചതോടെ യാത്രാദുരിതത്തിനും പൊടിശല്യത്തിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ നഗരസഭാ അധികൃതരെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചത്.

നവീകരണത്തിന്റെ ഭാഗമായി റോഡിലെ ഇന്റർലോക്ക് പ്രവൃത്തി ആരംഭിച്ചെങ്കിലും വെറും 60 മീറ്ററോളം വരുന്ന ഭാഗത്തെ പ്രവൃത്തി പോലും പൂർത്തിയാക്കാതെ നീണ്ടുപോകുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പണി ഇഴഞ്ഞുനീങ്ങുന്നതിനാൽ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വൻതോതിൽ പൊടി ഉയരുകയാണ്. ഇതുമൂലം സമീപവാസികളും വ്യാപാരികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പ്രതിഷേധക്കാർ പറഞ്ഞു.

പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്നവർക്കും പൊടിശല്യം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. മഴയാകുമ്പോൾ ചെളിയും വെള്ളക്കെട്ടും, വെയിലാകുമ്പോൾ പൊടിയും എന്ന നിലയിലാണ് റോഡിന്റെ അവസ്ഥയെന്നും പ്രദേശവാസികൾ പറയുന്നു.

> യാത്രാദുരിതം ദിവസങ്ങൾ പിന്നിടുംതോറും രൂക്ഷമായിട്ടും പ്രവൃത്തി പൂർത്തിയാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ വേഗതയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. “വെള്ളാനകളുടെ നാട് സിനിമയിലെ റോഡ് പണി പോലെയാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്” എന്ന പരിഹാസത്തോടെയാണ് പ്രദേശവാസികൾ പ്രതിഷേധം രേഖപ്പെടുത്തിയത്.

പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ തയ്യാറാകാത്ത പക്ഷം കുടുംബസമേതം നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ടിവരുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

നഗരസഭ സെക്രട്ടറിയെയും അസിസ്റ്റന്റ് എൻജിനീയറെയും നേരിൽ കണ്ടാണ് പ്രദേശവാസികൾ പരാതികൾ അറിയിച്ചത്. റോഡ് നവീകരണ പ്രവൃത്തി അടിയന്തരമായി പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് പ്രധാന ആവശ്യം.

പാനൂർ ബൈപ്പാസ് റോഡിലെ ഇന്റർലോക്ക് പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതും ഇതുമൂലം പ്രദേശവാസികൾ നേരിടുന്ന ദുരിതവും സംബന്ധിച്ച് ട്രൂവിഷൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

റോഡ് പണി ഇനിയും നീണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. കബീർ പൈക്കാട്ട്, മുസ്തഫ തയ്യൂള്ളതിൽ, നൗഫൽ ഹിന്ദുസ്ഥാൻ, ഇബ്റു അൽമദീന എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

റോഡ് നവീകരണം ഉടൻ പുനരാരംഭിച്ച് യാത്രാദുരിതത്തിനും പൊടിശല്യത്തിനും പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383926/panoor-bypass-road-renovation-delay-residents-protest)