---
title: "തലശേരി ഗവ.ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗർഭസ്ഥ ശിശു മരിച്ചു ; മരിച്ചത് പേരാവൂർ സ്വദേശികളുടെ കുഞ്ഞ്"
english_title: " Infant Death During Delivery Thalassery Govt Hospital Peroor Couple Alleges Delay"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383148/infant-death-thalassery-govt-hospital-peroor-couple-delivery"
published_at: "2026-09-17T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabceab282e7_infant-death-thalassery-govt-hospital-peroor-couple-delivery.jpg"
keywords: ["Thalassery Govt Hospital", "Delivery Death", "Medical Negligence Allegation", "Peravoor"]
---

# തലശേരി ഗവ.ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗർഭസ്ഥ ശിശു മരിച്ചു ; മരിച്ചത് പേരാവൂർ സ്വദേശികളുടെ കുഞ്ഞ്

> **Lead Summary:** തലശേരി: തലശേരി ഗവ. ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗർഭസ്ഥ ശിശു മരിച്ചു; മരിച്ചത് പേരാവൂർ സ്വദേശികളുടെ കുഞ്ഞ്.പേരാവൂരിലെ ഓട്ടോ ഡ്രൈവറും വെള്ളാർ വള്ളി സ്വദേശിയുമായ തൈക്കണ്ടിയിൽ വിജേഷ് - ശ്രീജ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

## Article Content

തലശേരി: തലശേരി ഗവ. ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗർഭസ്ഥ ശിശു മരിച്ചു; മരിച്ചത് പേരാവൂർ സ്വദേശികളുടെ കുഞ്ഞ്.പേരാവൂരിലെ ഓട്ടോ ഡ്രൈവറും വെള്ളാർ വള്ളി സ്വദേശിയുമായ തൈക്കണ്ടിയിൽ വിജേഷ് - ശ്രീജ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഓപ്പറേഷൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചപ്പോൾ, ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നും, കഴിവിന്റെ പരമാവധി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഒമ്പത് മാസം ഗർഭിണിയായ ഭാര്യ ശ്രീജയെ (40) ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വിജേഷും ബന്ധുക്കളും ചേർന്ന് പ്രസവത്തിനായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ പ്രസവവേദന വന്ന ശ്രീജയെ ലേബർ റൂമിലേക്ക് മാറ്റി. മണിക്കൂറുകൾക്ക് ശേഷം രാവിലെ എട്ടു മണിയോടെ, ഗർഭപാത്രത്തിൽ നിന്നും കുഞ്ഞ് പാതിയേ പുറത്ത് വരുന്നുള്ളൂവെന്നും ഉടൻ ഓപ്പറേഷൻ വേണമെന്നും ഡോക്ടർ അറിയിച്ചു.

എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഓപ്പറേഷൻ ചെയ്തില്ല. 10 മണിയോടെ ഗർഭപാത്രത്തിൽ തന്നെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് വിജേഷ് കണ്ണീരോടെ പറയുന്നു. പ്രസവ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞ് മരിക്കാനിടയാക്കിയെന്ന് വിജേഷിന്റെ പിതാവ് ബാലകൃഷ്ണനും ആരോപിച്ചു. ആദ്യ കുട്ടിയായതുകൊണ്ടുതന്നെ കുഞ്ഞിന്റെ മരണമുൾക്കൊള്ളാൻ ബന്ധുക്കൾക്കായിട്ടില്ല.

എന്നാൽ ഗർഭപാത്രത്തിൽ വച്ചുതന്നെ കുഞ്ഞും മറുപിള്ളയും വേർപെട്ടു പോകുന്ന അബ്രാപ്ഷ്യോ പ്ലാസന്റ എന്ന അപൂർവ അവസ്ഥയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഈ സ്ഥിതി ഉണ്ടായാൽ ഡോക്ടർമാർ നിസ്സഹായരാണ്. ഇതേ അഭിപ്രായമാണ് ആശുപത്രി സുപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദനും പ്രകടിപ്പിച്ചത്.

അടിയന്തിര സാഹചര്യത്തിൽ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർ പരമാവധി ശ്രമിച്ചതായും, സംഭവമറിഞ്ഞ് ഗൈനക്കോളജി, അനസ്തേഷ്യ ഡോക്ടർമാരെല്ലാം എത്തി പെട്ടെന്ന് ഓപ്പറേഷൻ നടത്തിയെങ്കിലും സാധ്യമായില്ലെന്ന് സംഭവം അന്വേഷിച്ച മാധ്യമ പ്രവർത്തകരോട് സുപ്രണ്ട് വിശദീകരിച്ചു. ചാപിള്ളയെ പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383148/infant-death-thalassery-govt-hospital-peroor-couple-delivery)