---
title: "റോബോട്ടിക്സും എ.ഐയും ഇനി ഗ്രാമീണ വിദ്യാർത്ഥികൾക്കും ; ചമ്പാട് ബോട്ട് വിസ് കമ്മ്യൂണിറ്റി എക്സ്പീരിയൻസ് സെന്റർ പ്രവർത്തനം തുടങ്ങി"
english_title: "Champad Botwiz Community Experience Center Robotics AI For Rural Students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382337/champad-botwiz-community-experience-center-robotics-ai-launched"
published_at: "2026-09-12T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa5370531ca0_1001407136.jpg"
keywords: ["Champad", "Botwiz", "Robotics", "AI Education"]
---

# റോബോട്ടിക്സും എ.ഐയും ഇനി ഗ്രാമീണ വിദ്യാർത്ഥികൾക്കും ; ചമ്പാട് ബോട്ട് വിസ് കമ്മ്യൂണിറ്റി എക്സ്പീരിയൻസ് സെന്റർ പ്രവർത്തനം തുടങ്ങി

> **Lead Summary:** ചമ്പാട്: റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്നൊവേഷൻ, ഫ്യൂച്ചർ സ്കിൽസ് തുടങ്ങിയ പുതുതലമുറ സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും പ്രാഗത്ഭ്യവും നൽകുകയെന്ന ലക്ഷ്യത്തോടെ ബോട്ട് വിസ് കമ്മ്യൂണിറ്റി എക്സ്പീരിയൻസ് സെന്റർ ചമ്പാട് ഉണ്ടമുക്കിൽ പ്രവർത്തനം ആരംഭിച്ചു.

## Article Content

ചമ്പാട്: റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്നൊവേഷൻ, ഫ്യൂച്ചർ സ്കിൽസ് തുടങ്ങിയ പുതുതലമുറ സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും പ്രാഗത്ഭ്യവും നൽകുകയെന്ന ലക്ഷ്യത്തോടെ ബോട്ട് വിസ് കമ്മ്യൂണിറ്റി എക്സ്പീരിയൻസ് സെന്റർ ചമ്പാട് ഉണ്ടമുക്കിൽ പ്രവർത്തനം ആരംഭിച്ചു.

ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ റോബോട്ടിക്സ്, എ.ഐ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുമായി പരിചയപ്പെടുത്തുകയും, അവരുടെ ആശയങ്ങൾക്ക് പരീക്ഷണത്തിലൂടെ രൂപം നൽകുകയും ചെയ്യുകയാണ് സെന്ററിന്റെ പ്രധാന ലക്ഷ്യം.

നഗരകേന്ദ്രങ്ങളിൽ മാത്രം ലഭിക്കുന്ന ഇത്തരം സാങ്കേതിക പരിശീലനവും പരീക്ഷണവേദിയും ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക എന്ന ആശയമാണ് സംരംഭത്തിന് പിന്നിൽ. ഡോ. ലിബിൻ, ഡോ. ദിപിൻ, ശരണ്യ, വിനീത് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

‘കുട്ടികളുടെ ആശയങ്ങൾക്ക് ഒരു വേദി’ എന്നതാണ് സെന്ററിന്റെ പ്രധാന കാഴ്ചപ്പാടെന്ന് ഡോ. ലിബിൻ പറഞ്ഞു. നാട്ടിൻപുറങ്ങളിലെ കുട്ടികൾക്ക് സ്വന്തം ആശയങ്ങൾ പരീക്ഷിക്കാനും സാങ്കേതികവിദ്യയുടെ സഹായത്തോടെ അവ വികസിപ്പിക്കാനും അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് കേവലം ഒരു കോച്ചിംഗ് സെന്റർ മാത്രമല്ലെന്നും വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ ഇവിടെ അവതരിപ്പിച്ച് പരീക്ഷിക്കാനും പിന്നീട് അവ പ്രായോഗികമായ ഉൽപ്പന്നങ്ങളാക്കി മാറ്റാനും കഴിയുമെന്നും വിനീത് പറഞ്ഞു.

ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്നതിനൊപ്പം അവരുടെ കഴിവുകളും ആശയങ്ങളും മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. ദിപിനും ശരണ്യയും വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ്–എ.ഐ സെമിനാർ

ബോട്ട് വിസിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ചമ്പാട് വെസ്റ്റ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ്–എ.ഐ സെമിനാറും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ. നിഷാദ് ഉദ്ഘാടനം ചെയ്തു. ഡോ. ദിപിനും വിനീതും ക്ലാസുകൾ നയിച്ചു.

പ്രധാനാധ്യാപകൻ വി.പി. രജിലേഷ്, ആർ. അനൂപ്, സി.ഒ. നവനീത് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ആർ. അനൂപ് സ്വാഗതവും സി.ഒ. നവനീത് കൃഷ്ണൻ നന്ദിയും പറഞ്ഞു.

ഗ്രാമീണ മേഖലയിലും ഇത്തരം നൂതന സാങ്കേതിക സംരംഭങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് കോഴിക്കോട് റോട്ടറി അപ്ടൗൺ പ്രസിഡന്റ് ഡോ. പി. പ്രവീണും മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്രനും അഭിപ്രായപ്പെട്ടു.

നഗരങ്ങളിൽ മാത്രം ആരംഭിക്കേണ്ട സംരംഭമെന്ന് കരുതപ്പെട്ടിരുന്ന ഇത്തരം സാങ്കേതിക പഠനകേന്ദ്രം ചമ്പാട് പ്രവർത്തനം ആരംഭിച്ചത് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് വലിയ അവസരമാണെന്നും അവർ പറഞ്ഞു.

റോബോട്ടിക്സും എ.ഐയും ഉൾപ്പെടെയുള്ള ഫ്യൂച്ചർ ടെക്നോളജികളിലേക്ക് ഗ്രാമീണ മേഖലയിലെ കുട്ടികൾക്കും കടന്നുവരാനുള്ള വാതിൽ തുറക്കുകയാണ് ബോട്ട് വിസ് കമ്മ്യൂണിറ്റി എക്സ്പീരിയൻസ് സെന്ററിലൂെടെ.

English Summary: Botwiz Community Experience Center started at Undamukku, Champad to provide practical training in robotics, AI, innovation and future skills to rural students. Led by Dr Libin, Dr Dipin, Saranya and Vineeth. The center aims to give village students a platform to experiment with their ideas and develop them into practical products. A Robotics-AI seminar was also organized for students of Champad West UP School as part of the launch.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382337/champad-botwiz-community-experience-center-robotics-ai-launched)