---
title: "പ്രണയവിവാഹത്തെത്തുടർന്ന് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ  സഹോദരങ്ങൾക്ക് പന്ത്രണ്ടും, സുഹൃത്തിന് ഒമ്പതും വർഷം  തടവും  പിഴയും വിധിച്ച് തളിപ്പറമ്പ് കോടതി"
english_title: "Attempt To Murder Case In Taliparamba Court Sentences Brothers And Friend To Rigorous Imprisonment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381877/attempt-to-murder-case-in-taliparamba-court-sentences-brothers-and-friend-to-rigorous-imprisonment"
published_at: "2026-09-09T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa17e0a7e79f_Untitled-1_copy.jpg"
keywords: []
---

# പ്രണയവിവാഹത്തെത്തുടർന്ന് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ  സഹോദരങ്ങൾക്ക് പന്ത്രണ്ടും, സുഹൃത്തിന് ഒമ്പതും വർഷം  തടവും  പിഴയും വിധിച്ച് തളിപ്പറമ്പ് കോടതി

> **Lead Summary:** തളിപ്പറമ്പ്: കാസർകോട് ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുരയിൽ ഹൗസിൽ ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഭാര്യാ സഹോദരന്മാർക്കും സുഹൃത്തിനും തടവും പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് കോടതി.

## Article Content

തളിപ്പറമ്പ്: കാസർകോട് ഒളവറ ഉടുമ്പുന്തല സ്വദേശി പുത്തൻപുരയിൽ ഹൗസിൽ ഫസൽ മുഹമ്മദിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഭാര്യാ സഹോദരന്മാർക്കും സുഹൃത്തിനും തടവും പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് കോടതി.

 സഹോദരങ്ങൾക്ക് 12 വർഷം കഠിനതടവും സുഹൃത്തിന് 9 വർഷം കഠിനതടവും 5.60 ലക്ഷം രൂപ പിഴയടക്കാനുമാണ് തളിപ്പറമ്പ് അഡീഷണൽ സ്പെഷ്യൽ ജഡ്ജ് കെ.എൻ. പ്രശാന്ത് ശിക്ഷ വിധിച്ചത്. സഹോദരങ്ങളായ പന്നിയൂർ പള്ളിവയലിലെ പി. മുബാറക്ക്, പി. അബ്ദുള്ള, സുഹൃത്ത് പള്ളിവയലിലെ ഇബ്രാഹിം എന്നിവരെയാണ് ശിക്ഷിച്ചത് എന്നാണ് കോടതിയുടെ വിധിയിൽ പറയുന്നത്.

2019 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നാണ് പ്രോസിക്യൂഷൻ കേസ്. സഹോദരി ഷാഹിന കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഫസൽ മുഹമ്മദ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്താൽ ഷാഹിനയുടെ സഹോദരങ്ങളായ മുബാറക്കും അബ്ദുള്ളയും സുഹൃത്തായ ഇബ്രാഹിമിന്റെ സഹായത്തോടെ ഫസൽ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത് എന്നാണ് പ്രോസിക്യൂഷന്റെ വാദം.

ഏഴ് പേരാണ് ആദ്യം പ്രതിപട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീട് നാല് പേരെ ഒഴിവാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. പിഴത്തുകയിൽ 5 ലക്ഷം രൂപ ഫസൽ മുഹമ്മദിന് നൽകണമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. യു. രമേശൻ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381877/attempt-to-murder-case-in-taliparamba-court-sentences-brothers-and-friend-to-rigorous-imprisonment)