---
title: "അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യ ; ഡോ.എം.കെ റാമിന് കർശന ഉപാധികളോടെ ജാമ്യം"
english_title: "Suicide of Anjarakkandy Dental College student Nithin Raj: Dr. M.K. Ram granted bail with strict conditions."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381856/suicide-of-anjarakkandy-dental-college-student-nithin-raj-dr-mk-ram-granted-bail-with-strict-conditions"
published_at: "2026-09-09T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa1470d0d99f_Untitled-1_copy.jpg"
keywords: []
---

# അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യ ; ഡോ.എം.കെ റാമിന് കർശന ഉപാധികളോടെ ജാമ്യം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഡെൻ്റൽ കോളേജ് ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജ് ആത്മഹത്യചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ കോളേജ് പാത്തോളജി വിഭാഗം മുൻ മേധാവി എം.കെ.റാമിന് കർശന ഉപാധികളോടെ ജാമ്യം. എസ്.സി.-എസ്.ടി. കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്‌ജി എസ്‌.മനോജ് ആണ് ജാമ്യം അനുവദിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ ഡെൻ്റൽ കോളേജ് ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജ് ആത്മഹത്യചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ കോളേജ് പാത്തോളജി വിഭാഗം മുൻ മേധാവി എം.കെ.റാമിന് കർശന ഉപാധികളോടെ ജാമ്യം. എസ്.സി.-എസ്.ടി. കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്‌ജി എസ്‌.മനോജ് ആണ് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്തുവീട്ടിൽ വൈ. രാജൻ–സി.ആർ. ലത ദമ്പതികളുടെ മകൻ നിതിൻ രാജ് ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യ ചെയ്തത്. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെത്തുടർന്നാണ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

റാമിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. പ്രതി നീതിന്യായവ്യവസ്ഥയോട് കൂറ് പുലർത്തിയില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ വാദിച്ചു.

പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ കഴിഞ്ഞതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കിഷോർകുമാറിന്റെ വാദം. ജൂലായ് 23-ന് വൈകിട്ട് ആറിന് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ അറസ്റ്റിലായ റാം അന്നുമുതൽ റിമാൻഡിലാണ്. അധ്യാപകനും അധ്യാപികയും വാർഡനും പൊതുജനമധ്യത്തിൽ അപമാനിച്ചും ഭീഷണിപ്പെടുത്തിയും മാനസികസമ്മർദമുണ്ടാക്കി നിതിൻ രാജിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381856/suicide-of-anjarakkandy-dental-college-student-nithin-raj-dr-mk-ram-granted-bail-with-strict-conditions)