---
title: "പാനൂരും, ചമ്പാടും  ആഫ്രിക്കൻ ഒച്ച് ശല്യം  രൂക്ഷം ; പൊറുതി മുട്ടി ജനം, കൈമലർത്തി കൃഷിവകുപ്പും, തദ്ദേശസ്ഥാപനങ്ങളും"
english_title: " African Snail Menace Severe In Panoor Champad Residents Suffer Agriculture Affected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381718/african-snail-menace-panoor-champad-residents-suffer"
published_at: "2026-09-08T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0217995935_african-snail-menace-panoor-champad-residents.jpg"
keywords: [": Panoor News", "African Snail", "Chambad"]
---

# പാനൂരും, ചമ്പാടും  ആഫ്രിക്കൻ ഒച്ച് ശല്യം  രൂക്ഷം ; പൊറുതി മുട്ടി ജനം, കൈമലർത്തി കൃഷിവകുപ്പും, തദ്ദേശസ്ഥാപനങ്ങളും

> **Lead Summary:** പാനൂർ: പാനൂർ, ചമ്പാട് മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വിട്ടൊഴിയുന്നില്ല.തെക്കെ പാനൂരിലും, പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് അരയാക്കൂലിലും നിരവധി വീടുകൾ ഒച്ചുശല്യത്തിൽ ദുരിതത്തിൽ. വീടുകളുടെ അകത്തളങ്ങളിലേക്കും ചുമരുകളിലേക്കും വരെ ഒച്ചുകൾ പടർന്നുകയറുകയാണ്. കൃഷിയെയും സാരമായി ബാധിച്ചിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം.

## Article Content

പാനൂർ: പാനൂർ, ചമ്പാട് മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വിട്ടൊഴിയുന്നില്ല.തെക്കെ പാനൂരിലും, പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് അരയാക്കൂലിലും നിരവധി വീടുകൾ ഒച്ചുശല്യത്തിൽ ദുരിതത്തിൽ. വീടുകളുടെ അകത്തളങ്ങളിലേക്കും ചുമരുകളിലേക്കും വരെ ഒച്ചുകൾ പടർന്നുകയറുകയാണ്. കൃഷിയെയും സാരമായി ബാധിച്ചിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം.

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായതോടെ നിരവധി കുടുംബങ്ങളാണ് തെക്കെ പാനൂരിലും, അരയാക്കൂലിലും ദുരിതത്തിലായിരിക്കുന്നത്.

വീടുകളുടെ ചുമരുകളിലും വീടിനകത്തും വരെ കൂട്ടത്തോടെ കയറി കൂടുന്ന ഒച്ചുകൾ വീട്ടുകാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

വീട്ടുമുറ്റത്തും പറമ്പിലുമുള്ള സസ്യലതാദികൾ കാർന്ന് തിന്നുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം.വാഴയും പച്ചക്കറികളും ഉൾപ്പെടെയുള്ള കൃഷികൾ നടത്താൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടുകാർ പറയുന്നു.

ഒച്ചുശല്യത്തിന് പരിഹാരം തേടി കൃഷിവകുപ്പിൽ പരാതി നൽകിയെങ്കിലും ഉപ്പിട്ട് നശിപ്പിക്കണമെന്ന നിർദ്ദേശമാണ് ലഭിച്ചതെന്നാണ് നാട്ടുകാരുടെ പരാതി.ഇതോടെ അതിരാവിലെ വീടും പരിസരവും പരിശോധിച്ച് ഒച്ചുകളെ വടി ഉപയോഗിച്ച് കൂട്ടിയെടുത്ത് ബക്കറ്റിൽ ശേഖരിക്കുകയാണ് വീട്ടുകാർ.

ശേഖരിച്ച ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം കുഴിച്ചിടുന്നതാണ് ഇപ്പോൾ പതിവ്.എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഒച്ചുകളുടെ വ്യാപനത്തിന് കുറവില്ലെന്നും ഇവർ പറയുന്നു.തുടർച്ചയായ ഈ ശല്യം വീടുകളെയും കൃഷിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ആഫ്രിക്കൻ ഒച്ചുകളെ പൂർണമായും നിയന്ത്രിക്കുന്നതിനും വ്യാപനം തടയുന്നതിനും അടിയന്തരമായി ശാസ്ത്രീയമായ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആഫ്രിക്കൻ ഒച്ചുശല്യത്തിന് എന്ന് പരിഹാരമുണ്ടാകുമെന്ന കാത്തിരിപ്പിലാണ് നാട്ടുകാർ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381718/african-snail-menace-panoor-champad-residents-suffer)