---
title: "നവോത്ഥാന - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചമ്പാട് കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിച്ച് കെ.എൻ.എം."
english_title: "KNM Forms Trust At Champad For Renaissance And Charity Activities"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381229/knm-forms-trust-champad-renaissance-charity-activities"
published_at: "2026-09-05T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bd857f0833_Untitled-3_copy.jpg"
keywords: []
---

# നവോത്ഥാന - ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചമ്പാട് കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിച്ച് കെ.എൻ.എം.

> **Lead Summary:** ചമ്പാട്: നവോത്ഥാന പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെ.എൻ.എം. താഴെ ചമ്പാട് ശാഖയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. പ്രവർത്തനങ്ങൾക്ക് കൂടുതൽ സംഘടിതമായ രൂപം നൽകുന്നതിനായി ചമ്പാട് കേന്ദ്രീകരിച്ച് പ്രത്യേക ട്രസ്റ്റിനും രൂപം നൽകി.

## Article Content

ചമ്പാട്: നവോത്ഥാന പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെ.എൻ.എം. താഴെ ചമ്പാട് ശാഖയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. പ്രവർത്തനങ്ങൾക്ക് കൂടുതൽ സംഘടിതമായ രൂപം നൽകുന്നതിനായി ചമ്പാട് കേന്ദ്രീകരിച്ച് പ്രത്യേക ട്രസ്റ്റിനും രൂപം നൽകി.

കെ.എൻ.എം. ജില്ലാ സാരഥിയും, സംസ്ഥാന വിദ്യാഭ്യാസ ബോർഡ് അംഗവുമായ സി.എച്ച്. ഇസ്മായിൽ ഫാറൂഖി സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പിന്നാക്കാവസ്ഥയിലുള്ളവർക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കും കൈത്താങ്ങാകുന്നതിനൊപ്പം വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ബോധവത്കരണം തുടങ്ങിയ മേഖലകളിൽ ഇടപെടലുകൾ ശക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.

നവോത്ഥാന ആശയങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമായി പ്രചരിപ്പിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ചികിത്സാ സഹായം ആവശ്യമായവർ, വിദ്യാഭ്യാസ സഹായം തേടുന്നവർ തുടങ്ങിയവർക്കായി ആവശ്യാനുസരണം സഹായ പദ്ധതികൾ നടപ്പാക്കാനും ട്രസ്റ്റിലൂടെ ലക്ഷ്യമിടുന്നു.

പി.കെ. ഹനീഫ അധ്യക്ഷനായി. അഡ്വ. സുബൈർ ഇല്ലത്ത്, അലി കെ. ചമ്പാട്, നൗഷാദ് മൗലവി, റുഖ്സാന അലി, എ.വി. നാസിലി, ഇ. മുസ്തഫ എന്നിവർ സംസാരിച്ചു. കടവത്തൂർ മസ്ജിദുൽ അൻസാർ ഖത്തീബ് സാബിഖ് പുല്ലൂർ മുഖ്യപ്രഭാഷണം നടത്തി.

നവോത്ഥാന സംരംഭങ്ങൾക്ക് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും കൂടുതൽ ജനകീയമാക്കുന്നതിനും തുടർച്ചയായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചത്. ചമ്പാടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് വിവിധ മേഖലകളിൽ സഹായമെത്തിക്കുന്ന തരത്തിൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഭാവിയിൽ വിപുലീകരിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381229/knm-forms-trust-champad-renaissance-charity-activities)