---
title: "ശ്രീകൃഷ്ണ ജയന്തി ; നാളെ പാനൂരിന്റെ നഗരവീഥികൾ അമ്പാടികളാകും"
english_title: "Sree Krishna Jayanthi Celebrations In Panoor Tomorrow With Shobhayatra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380928/sree-krishna-jayanthi-celebrations-panoor-shobhayatra"
published_at: "2026-09-03T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98f9fa9a40e_1001394372.jpg"
keywords: ["Panoor News", "Sree Krishna Jayanthi", "Balagokulam", "Shobhayatra"]
---

# ശ്രീകൃഷ്ണ ജയന്തി ; നാളെ പാനൂരിന്റെ നഗരവീഥികൾ അമ്പാടികളാകും

> **Lead Summary:** പാനൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് പാനൂർ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി.

## Article Content

പാനൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് പാനൂർ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് പാനൂർ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 30ന് പതാകദിനം ആചരിച്ച് പാനൂർ മേഖലയിലെ മുന്നൂറോളം കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

> “മായവിട്ടുണരൂ... മാനവനാകൂ...” എന്ന സന്ദേശമുയർത്തിയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി പാനൂർ മേഖലയിൽ വിവിധ കേന്ദ്രങ്ങളിലായി അൻപതിലേറെ പരിപാടികളും ഏഴ് ശോഭായാത്രകളും നടക്കും.

ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി കലാ-കായിക, വൈജ്ഞാനിക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, ഗോപൂജ, ഭജനസന്ധ്യ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ബാലഗോകുലത്തിലെ കുട്ടികൾ ഉണ്ണിക്കണ്ണന്റെയും ഗോപികമാരുടെയും വേഷത്തിൽ അണിനിരക്കുന്ന ശോഭായാത്രയിൽ പൗരാണിക വേഷങ്ങളിലുള്ള നിശ്ചലദൃശ്യങ്ങൾ, ഗോപികാ നൃത്തം, യോഗചാപ്, ഭജനസംഘങ്ങൾ, വാദ്യമേളങ്ങൾ എന്നിവ അണിനിരക്കും. ആയിരക്കണക്കിന് ഭക്തജനങ്ങൾ ശോഭായാത്രയിൽ പങ്കെടുക്കും.

പാനൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ശോഭായാത്രകൾ

പാനൂർ-എലാങ്കോട് മേഖല: കൂറ്റേരി വൈരീഘാതക ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച് മാവിലാട്ട് മുക്ക് വഴി പാലക്കൂൽ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിക്കുന്നു.

പുത്തൂർ-ചെറുപ്പറമ്പ്-തൃപ്രങ്ങോട്ടൂർ മേഖല: പുത്തൂർ കണ്ടോത്ത് തറവാട് ദേവസ്ഥാനം പരിസരത്ത് നിന്നും ആരംഭിച്ച് പാറാട്-കുന്നോത്തു പറമ്പ് വഴി ജാതിക്കൂട്ടം ടൗണിൽ സമാപിക്കുന്നു.

മൊകേരി-പാട്യം മേഖല: പത്തായക്കുന്നിൽ നിന്നും ആരംഭിച്ച് കൊട്ടയോടി വഴി പൂക്കോട് ജംഗ്ഷന് സമീപം സമാപിക്കുന്നു.

പെരിങ്ങളം-പന്ന്യന്നൂർ മേഖല:വലിയാണ്ടി പീടികയിൽ നിന്നും ആരംഭിച്ച് താഴേ പൂക്കോം വഴി മേലെ പൂക്കോം കണ്ണംവെള്ളി ശിവക്ഷേത്രത്തിൽ സമാപിക്കുന്നു.

കരിയാട്-ചൊക്ലി മേഖല:മേക്കുന്ന് ടൗണിൽ നിന്നും ആരംഭിച്ച് മത്തിപ്പറമ്പ് വഴി മോന്താൽ കമ്പനിക്കുന്നുമ്മൽ ഭദ്രകാളി ക്ഷേത്ര പരിസരം സമാപിക്കുന്നു.

പൊയിലൂർ-വിളക്കോട്ടൂർ മേഖല:തൂവക്കുന്ന് അയ്യപ്പമഠം പരിസരത്ത് നിന്നും ആരംഭിച്ച് പൊയിലൂർ ശ്രീനാരായണ മഠത്തിൽ സമാപിക്കുന്നു.

മാഹി മേഖല: പരിമഠം ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും ആരംഭിച്ച് മാഹിപ്പാലം വഴി പൂഴിത്തല അമ്പലപ്പറമ്പ് പരിസരത്ത് സമാപിക്കുന്നു.

ശോഭായാത്രകൾ 4 മണിക്ക് ആരംഭിക്കും. ഗോകുല പതാക കൈമാറി ഉദ്ഘാടനം നടക്കും. പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ പാനൂർ മേഖലാ ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി. അരവിന്ദൻ മാസ്റ്റർ, പാനൂർ മേഖലാ ആഘോഷ കമ്മിറ്റി പ്രമുഖ് കെ.സുബീഷ്, ബാലഗോകുലം പാനൂർ മേഖലാ അധ്യക്ഷൻ അജയകുമാർ പൊയിലൂർ, ബാലഗോകുലം പാനൂർ മേഖലാ ഭഗിനി പ്രമുഖ ദൃശ്യ റീജിത്ത് എന്നിവർ പങ്കെടുത്തു.

English Summary:

> Panoor: Preparations for Sree Krishna Jayanthi celebrations in Panoor region completed. Balagokulam will lead celebrations tomorrow. Flag day observed on August 30 with flags hoisted at around 300 centres. Theme this year is “Mayavittunaru… Manavanaku…” Over 50 programs and 7 Shobhayatras will be held across Panoor. Events include arts-sports and intellectual competitions, cultural meets, seminars, awareness classes, Go-pooja, Bhajana Sandhya. Children dressed as Unnikannan and Gopikas, tableaux, Gopika Nritham, Yogachap, bhajan groups and percussion will be part of Shobhayatra with thousands of devotees expected. Shobhayatras will start at 4 pm in seven zones including Panoor-Elankode, Puthoor-Cheruparamb-Triprangottur, Mokeri-Padyam, Peringalam-Panniyannur, Kariyad-Chokli, Poyiloor-Vilakkottur and Mahe.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380928/sree-krishna-jayanthi-celebrations-panoor-shobhayatra)