---
title: "കാന്തപുരത്തെ നിശിതമായി തള്ളി മുഖ്യമന്ത്രി, പറഞ്ഞത് 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ.. ; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മുഖ്യമന്ത്രി"
english_title: "VD Satheesan Rejects Kanthapuram AP Aboobacker Musliyar Statement On Women In Public Life"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380883/vd-satheesan-rejects-kanthapuram-ap-aboobacker-musliyar-statement-on-women-in-public-life"
published_at: "2026-09-02T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9821e709347_vd-satheesan-rejects-kanthapuram-statement-women.jpg"
keywords: []
---

# കാന്തപുരത്തെ നിശിതമായി തള്ളി മുഖ്യമന്ത്രി, പറഞ്ഞത് 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ.. ; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മുഖ്യമന്ത്രി

> **Lead Summary:** സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. കാന്തപുരം പറഞ്ഞതിനെ സർക്കാരോ കോൺഗ്രസ് പാർട്ടിയോ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

## Article Content

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. കാന്തപുരം പറഞ്ഞതിനെ സർക്കാരോ കോൺഗ്രസ് പാർട്ടിയോ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറഞ്ഞതെന്നും ഇസ്‌ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് കാന്തപുരത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി.ഡി. സതീശൻ.

'കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരു യോജിപ്പുമില്ല. പറഞ്ഞതിന്റെ കൂടെ ഈ സർക്കാരോ പാർട്ടിയോ നിൽക്കില്ല. പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ല അത്. അദ്ദേഹം പറഞ്ഞതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല.

പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നത്. അതിനെ ശക്തിയായി എതിർക്കുന്നു. സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ജീവിക്കേണ്ടവരല്ല.

അവർ ജീവിതത്തിന്റെ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ നിലപാടാണ് ഞങ്ങൾക്കുള്ളത്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.' - മുഖ്യമന്ത്രി പറഞ്ഞു.

'ഇസ്‌ലാമിക ചരിത്രവും അത് തന്നെയാണ് പറയുന്നത്. ഇസ്‌ലാമിനെ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് അത്. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ വലിയൊരു ബിസിനസുകാരിയായിരുന്നു.

മറ്റൊരു ഭാര്യ ആയിഷ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. സർവസൈന്യാധിപയായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ പറയുന്ന ബിൽകിസ് രാജ്ഞി, രാജ്ഞിയായിരുന്നു.

ഖലീഫാ ഉമറിന്റെ രാജസദസ്സിൽ മഹർ കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ ഒരു സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തതെന്ന് ചരിത്രത്തിലുണ്ട്. സ്ത്രീ പറഞ്ഞതാണ് ശരിയെന്നാണ് അദ്ദേഹം പറഞ്ഞത്. രാജസദസ്സിൽ പോലും സ്ത്രീകളുണ്ടായിരുന്നു.' - വി.ഡി. സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380883/vd-satheesan-rejects-kanthapuram-ap-aboobacker-musliyar-statement-on-women-in-public-life)