---
title: "‘ഏത് തമ്പ്രാൻ വന്നാലും...!’; മകളുടെ വിവാഹാഘോഷത്തിൽ ഒരൊന്നൊന്നര ഡാൻസുമായി കൂത്തുപറമ്പ് എം.എൽ.എ പി.കെ. പ്രവീൺ"
english_title: "Koothuparamba MLA Dance At Daughters Wedding Goes Viral Ethu Thambraan Song"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380720/koothuparamba-mla-kp-mohanan-dance-daughter-wedding-viral-ethu-thambraan"
published_at: "2026-09-01T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96b8a027639_koothuparamba-mla-kp-mohanan-dance-daughter-wedding-viral-ethu.jpg"
keywords: ["Koothuparamba MLA", "Wedding Dance Viral", "Guruvayur Wedding"]
---

# ‘ഏത് തമ്പ്രാൻ വന്നാലും...!’; മകളുടെ വിവാഹാഘോഷത്തിൽ ഒരൊന്നൊന്നര ഡാൻസുമായി കൂത്തുപറമ്പ് എം.എൽ.എ പി.കെ. പ്രവീൺ

> **Lead Summary:** പാനൂർ: മകളുടെ വിവാഹാഘോഷത്തിന് മുന്നോടിയായുള്ള ചടങ്ങിൽ വേറിട്ട ചുവടുകളുമായി കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. പ്രവീൺ. മകൾ അനഘയ്ക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എം.എൽ.എ നൃത്തച്ചുവടുകൾ വച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.

## Article Content

പാനൂർ: മകളുടെ വിവാഹാഘോഷത്തിന് മുന്നോടിയായുള്ള ചടങ്ങിൽ വേറിട്ട ചുവടുകളുമായി കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. പ്രവീൺ. മകൾ അനഘയ്ക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എം.എൽ.എ നൃത്തച്ചുവടുകൾ വച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.

പി.കെ. പ്രവീണിന്റെയും, ഗീതാഞ്ജലിയുടെയും മകൾ അനഘയും, കൊല്ലങ്കോട് തറവന്തേടത്ത് എം. ശബരീദാസന്റെയും, ടി.ബി. സുധയുടെയും മകൻ അരുൺകുമാറും കഴിഞ്ഞ ദിവസമാണ് ഗുരുവായൂരിൽ വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായി നടന്ന കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലിനിടെയാണ് ആഘോഷത്തിന് മാറ്റുകൂട്ടി എം.എൽ.എയും നൃത്തത്തിൽ പങ്കുചേർന്നത്.

മകൾ അനഘയ്ക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പം ആവേശത്തോടെ ചുവടുവച്ച പി.കെ. പ്രവീണിന്റെ നൃത്തം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആഘോഷത്തിന്റെ കൗതുകക്കാഴ്ചയാണ്.

മലയാള സിനിമയിലെ ശ്രദ്ധേയതാരം പാട്യത്തുകാരനായ നടൻ ശ്രീനിവാസൻ തകർത്തഭിനയിച്ച ഗാനരംഗങ്ങളിലെ ചുവടുകൾ അനുകരിച്ചായിരുന്നു എം.എൽ.എയുടെ നൃത്തമെന്നതും ഏറെ ശ്രദ്ധേയമായി.

രാഷ്ട്രീയ തിരക്കുകൾക്കും ഔദ്യോഗിക ചുമതലകൾക്കുമിടയിൽ മകളുടെ വിവാഹാഘോഷത്തിൽ അച്ഛനെന്ന നിലയിൽ പൂർണമായി ആഘോഷത്തിൽ ലയിച്ച പി.കെ. പ്രവീണിന്റെ നൃത്തച്ചുവടുകൾക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിറഞ്ഞ കൈയടിയോടെയാണ് പിന്തുണ നൽകിയത്. പ്രിയദർശൻ - മമ്മൂട്ടി ടീമിന്റെ മേഘം എന്ന സിനിമയിലെ ‘ഏത് തമ്പ്രാൻ വന്നാലും...!’ എന്ന ഗാനരംഗത്തിന്റെ പശ്ചാത്തലത്തിൽ നടന്ന നൃത്തം ആഘോഷവേദിയെ കൂടുതൽ ആവേശഭരിതമാക്കി.

ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും പങ്കെടുത്തു. ഷാഫി പറമ്പിൽ എം.പി., എം.എൽ.എമാരായ ടി.കെ. ഗോവിന്ദൻ, വി.ടി. ബൽറാം, വി. മുരളീധരൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ എന്നിവർ ചടങ്ങിനെത്തി.

വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, ഇ. മനീഷ്, പി. ഹരീന്ദ്രൻ, പി.പി.എ. സലാം, പി.കെ. ഷാഹുൽഹമീദ്, വി. സുരേന്ദ്രൻ, സബാഹ് പുൽപ്പറ്റ, വി.കെ. ഗിരിജൻ, എം.കെ. ഭാസ്കരൻ തുടങ്ങിയവരും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വസതിയിലെത്തി ആശംസകളറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380720/koothuparamba-mla-kp-mohanan-dance-daughter-wedding-viral-ethu-thambraan)