---
title: "കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി കണ്ണൂരിലേക്കുള്ള ട്രെയിനിൽ കയറിയതായി സ്ഥിരീകരണം ; അന്വേഷണം ഊർജിതമാക്കി പൊലീസ്"
english_title: "Class 10 Student Missing From Koothuparamba Boarded Train To Kannur Police Search"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380708/class-10-student-missing-from-koothuparamba-boarded-train-to-kannur-police-search"
published_at: "2026-09-01T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96a214658f8_koothuparamba-class-10-student-missing-boarded-train-to-kannur-police.jpg"
keywords: ["Missing Student", "Kerala Police", "CCTV", "Koothuparamba"]
---

# കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി കണ്ണൂരിലേക്കുള്ള ട്രെയിനിൽ കയറിയതായി സ്ഥിരീകരണം ; അന്വേഷണം ഊർജിതമാക്കി പൊലീസ്

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി കണ്ണൂരിലേക്കുള്ള ട്രെയിനിൽ കയറിയതായി പൊലീസ് സ്ഥിരീകരിച്ചു. മൂര്യാട് സ്വദേശി അദ്വൈതിനെ കണ്ടെത്തുന്നതിനായി കൂത്തുപറമ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി. നിലവിൽ കണ്ണൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി കണ്ണൂരിലേക്കുള്ള ട്രെയിനിൽ കയറിയതായി പൊലീസ് സ്ഥിരീകരിച്ചു. മൂര്യാട് സ്വദേശി അദ്വൈതിനെ കണ്ടെത്തുന്നതിനായി കൂത്തുപറമ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി. നിലവിൽ കണ്ണൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 6.30ഓടെയാണ് കൂത്തുപറമ്പ് പാറാലിലെ ട്യൂഷൻ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അദ്വൈത് വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ പിന്നീട് കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ, കൂത്തുപറമ്പിൽ നിന്ന് ബസ് മാർഗം അദ്വൈത് രാവിലെ 7.33ഓടെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് രാവിലെ 8.18ഓടെ കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനിൽ കുട്ടി കയറിയതായും പൊലീസ് സ്ഥിരീകരിച്ചു. ട്രെയിൻ രാവിലെ 8.55ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

എന്നാൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അദ്വൈത് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. സ്റ്റേഷനിലെയും പരിസരപ്രദേശങ്ങളിലെയും കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുട്ടി പിന്നീട് എങ്ങോട്ടാണ് പോയതെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അദ്വൈത്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കൂത്തുപറമ്പ് പൊലീസിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. കുട്ടിയെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380708/class-10-student-missing-from-koothuparamba-boarded-train-to-kannur-police-search)