---
title: "രാമായണം മികച്ച സാഹിത്യ ഗ്രന്ഥമാണെന്ന് എം.എൻ കാരശ്ശേരി ; എ. സുഗുണൻ മാസ്റ്റർ രചിച്ച വാത്മീകി രാമായണം സമ്പൂർണ പദ്യ പരിഭാഷ പ്രകാശനം ചെയ്തു."
english_title: "Ramayana Is Great Literature Says MN Karassery Valmiki Ramayana Poetry Translation Released"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380128/ramayana-great-literature-mn-karassery-valmiki-ramayana-translation-release"
published_at: "2026-08-27T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a901efa7eca4_1001386204.jpg"
keywords: []
---

# രാമായണം മികച്ച സാഹിത്യ ഗ്രന്ഥമാണെന്ന് എം.എൻ കാരശ്ശേരി ; എ. സുഗുണൻ മാസ്റ്റർ രചിച്ച വാത്മീകി രാമായണം സമ്പൂർണ പദ്യ പരിഭാഷ പ്രകാശനം ചെയ്തു.

> **Lead Summary:** തലശ്ശേരി: രാമായണം മികച്ച സാഹിത്യ ഗ്രന്ഥമാണെന്ന് കരുതാനാണ് തനിക്കിഷ്ടമെന്ന് പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ എം എൻ കാരശ്ശേരി പറഞ്ഞു.

## Article Content

തലശ്ശേരി: രാമായണം മികച്ച സാഹിത്യ ഗ്രന്ഥമാണെന്ന് കരുതാനാണ് തനിക്കിഷ്ടമെന്ന് പ്രശസ്ത വാഗ്മിയും എഴുത്തുകാരനുമായ എം എൻ കാരശ്ശേരി പറഞ്ഞു.

മാതൃകാ അധ്യാപകനും ശ്രദ്ധേയ കവിയുമായ എ. സുഗുണൻ മാസ്റ്റർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വാത്മീകി രാമായണം - സമ്പൂർണ പദ്യ പരിഭാഷയുടെ പുസ്തകം തലശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമായണം ചരിത്ര ഗ്രന്ഥമാണെന്നാണ് ഹിന്ദുത്വ രാഷ്ട്രീയ വാദികളുടെ വാദം. ഭക്തി ഗ്രന്ഥമാണെന്ന് മറ്റു ചിലരും പറയുന്നു. എന്നാൽ രാമായണം മികച്ച സാഹിത്യ ഗ്രന്ഥമാണെന്നാണ് തന്റെ പക്ഷം. രാമൻ ഒരു രാഷ്ട്രീയ പ്രശ്നമായി മാറിയിട്ടുണ്ടെന്നും എം എൻ കാരശ്ശേരി പറഞ്ഞു.

നാടക-സിനിമാ താരം രാജേന്ദ്രൻ തായാട്ട് പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.വി.ശശിധരൻ പുസ്തക പരിചയം നടത്തി. പ്രശസ്ത കഥാകാരൻ വി.ആർ.സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ചരിത്രകാരൻ കെ.കെ മാരാർ അധ്യക്ഷനായി. എ. ലക്ഷ്മണൻ, സുഗുണൻ മാസ്റ്ററുടെ പത്നി തങ്കം, കെ കൃഷ്ണൻ, പി.വി വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

മനോജ് ടി. സാരംഗ് സ്വാഗതവും സുഗുണൻ മാസ്റ്ററുടെ മകൻ സാമ സൂര്യ നന്ദിയും പറഞ്ഞു.

ആദികവി വാൽമീകിയുടെ അനശ്വര കാവ്യ ഗ്രന്ഥത്തിന്റെ ആത്മാവും കാവ്യഭംഗിയും ഒട്ടും ചോരാതെയാണ് ഒൻപത് വർഷത്തെ പരിശ്രമത്തിലൂടെ സുഗുണൻ മാസ്റ്റർ പദ്യപരിഭാഷ പൂർത്തിയാക്കിയത്. രണ്ടു വാള്യങ്ങളായുള്ള പുസ്തകത്തിന്റെ മുഖവില 2700 രൂപയാണ്. പ്രീ പബ്ലിക്കേഷനിൽ 2000 രൂപയ്ക്ക് ലഭിക്കും. പുസ്തക പ്രകാശനത്തിന് ശേഷം സുഗുണൻ മാസ്റ്റർ രചിച്ച കവിതകളുടെ സംഗീതാലാപനം ഉണ്ടായി. സ്റ്റാർ സിംഗർ ഫെയിം ജെ.ആർ. ദീപക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380128/ramayana-great-literature-mn-karassery-valmiki-ramayana-translation-release)