---
title: "ശ്രദ്ധേയമായി  പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സിയുടെ ത്രിദിന ഓണം ക്യാമ്പ്"
english_title: "SPC Cadets Three Day Onam Camp At Cheruvanchery School Becomes Model"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379762/spc-cadets-onam-camp-cheruvanchery-school"
published_at: "2026-08-23T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ae67db1518_spc-cadets-onam-camp-cheruvanchery-school.jpg"
keywords: ["Cheruvanchery", "SPC Camp", "Student Police Cadet", "Onam Camp"]
---

# ശ്രദ്ധേയമായി  പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സിയുടെ ത്രിദിന ഓണം ക്യാമ്പ്

> **Lead Summary:**  ചെറുവാഞ്ചേരി:സാമൂഹികബോധവും സേവനമനോഭാവവും പകർന്നുനൽകി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചെറുവാഞ്ചേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് ശ്രദ്ധേയമായി.

## Article Content

 ചെറുവാഞ്ചേരി:സാമൂഹികബോധവും സേവനമനോഭാവവും പകർന്നുനൽകി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചെറുവാഞ്ചേരിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് ശ്രദ്ധേയമായി.

വിവിധ ബോധവൽക്കരണ ക്ലാസുകൾ, മോക്ക് പ്ലേ, വ്യവസായ സന്ദർശനം, ശിൽപശാല, പരേഡ്, റോഡ് വാക്ക്, സീറോ വേസ്റ്റ് പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, ഓണാഘോഷം, എയ്റോബിക്സ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

കണ്ണവം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് കെ ഗോവിന്ദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. കെ ഷെഫീർ, കെ ഷാജഹാൻ, സി എച്ച് നസീർ, ജെ ജിതേഷ്, പി ജിഷ എന്നിവർ സംസാരിച്ചു.

> പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് മോക്ക് പ്ലേ “പ്രഥമശുശ്രൂഷ നിത്യജീവിതത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കി കേഡറ്റുകൾ അവതരിപ്പിച്ച മോക്ക് പ്ലേ ക്യാമ്പിന്റെ ശ്രദ്ധേയമായ പരിപാടിയായി. നിത്യജീവിതത്തിൽ നേരിടാനിടയുള്ള വിവിധ അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷാ നടപടികൾ പ്രായോഗികമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു മോക്ക് പ്ലേ.

തുടർന്ന് ചെറുവാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് എൻ എ ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യസംരക്ഷണം, വ്യക്തിശുചിത്വം, സുരക്ഷ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു.

കൂത്തുപറമ്പ് വലിയവെളിച്ചം വ്യവസായ പാർക്കിലേക്ക് നടത്തിയ ഫീൽഡ് ട്രിപ്പ് കേഡറ്റുകൾക്ക് ക്ലാസ് മുറിക്ക് പുറത്തുള്ള പഠനത്തിന്റെ പുതിയ അനുഭവമായി. മരിയൻ അപ്പാരൽസ്, അലേ ഫുഡ്സ്, സി കോ എഞ്ചിനിയറിംഗ് എന്നീ സ്ഥാപനങ്ങളാണ് കേഡറ്റുകൾ സന്ദർശിച്ചത്. ഉൽപ്പാദന പ്രക്രിയ, യന്ത്രങ്ങളുടെ പ്രവർത്തനം, ഗുണനിലവാര പരിശോധന, പാക്കിംഗ്, വിപണനത്തിനുള്ള തയ്യാറെടുപ്പ് എന്നിവ കേഡറ്റുകൾ നേരിട്ട് കണ്ടുമനസ്സിലാക്കി.

> സീറോ വേസ്റ്റ് വർക്ക്‌ഷോപ്പ്, വേസ്റ്റ് ആൻഡ് മൈക്രോപ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ്, ഇ-വേസ്റ്റ് കൈകാര്യം ചെയ്യൽ, വേസ്റ്റ് ഓഡിറ്റ് തുടങ്ങിയ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു. “ശിൽപകലയ്ക്ക് ആമുഖം” എന്ന വിഷയത്തിൽ കെ ലിജുവിന്റെ നേതൃത്വത്തിൽ ശിൽപശാലയും സംഘടിപ്പിച്ചു.

കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ കെ ഷഫീർ, പി ജിഷ, കെ രോഷിമ, എൻ പി ബിനീഷ്, ജി സുഗിഷ, കെ പി അബ്ദുള്ള, വി പി ആയിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ സുനേഷ് പരേഡ് പരിശീലനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379762/spc-cadets-onam-camp-cheruvanchery-school)