---
title: "ഒരു ജീവനാണ്, ഇടപെടാമൊ...? ; കോപ്പാലം ബസ് സ്റ്റോപ്പിൽ നൊമ്പരക്കാഴ്ചയായി അന്യസംസ്ഥാനക്കാരനായ യുവാവ്"
english_title: "Migrant Youth In Distress At Koppalam Bus Stop Locals Seek Help"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379434/koppalam-bus-stop-migrant-youth-distress-help-needed"
published_at: "2026-08-21T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87dd552811e_koppalam-bus-stop-migrant-youth-distress-help.jpg"
keywords: []
---

# ഒരു ജീവനാണ്, ഇടപെടാമൊ...? ; കോപ്പാലം ബസ് സ്റ്റോപ്പിൽ നൊമ്പരക്കാഴ്ചയായി അന്യസംസ്ഥാനക്കാരനായ യുവാവ്

> **Lead Summary:** കോപ്പാലം ബസ് സ്റ്റോപ്പിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവശനിലയിൽ കഴിയുന്ന അന്യസംസ്ഥാനക്കാരനായ യുവാവ് യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും നൊമ്പരക്കാഴ്ചയാകുന്നു. മൂന്ന് നാല് ദിവസമായി ബസ് സ്റ്റോപ്പിൽ തന്നെയാണ് യുവാവ് കഴിയുന്നത്. രാത്രിയിലും പകലിലും ബസ് സ്റ്റോപ്പിൽ തന്നെ കഴിയുന്ന യുവാവിന് ആവശ്യമായ ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

## Article Content

കോപ്പാലം ബസ് സ്റ്റോപ്പിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവശനിലയിൽ കഴിയുന്ന അന്യസംസ്ഥാനക്കാരനായ യുവാവ് യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും നൊമ്പരക്കാഴ്ചയാകുന്നു. മൂന്ന് നാല് ദിവസമായി ബസ് സ്റ്റോപ്പിൽ തന്നെയാണ് യുവാവ് കഴിയുന്നത്. രാത്രിയിലും പകലിലും ബസ് സ്റ്റോപ്പിൽ തന്നെ കഴിയുന്ന യുവാവിന് ആവശ്യമായ ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ഇപ്പോൾ തീർത്തും അവശനിലയിലാണെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്. എഴുന്നേറ്റ് നടക്കാൻ പോലും പ്രയാസപ്പെടുന്ന നിലയിലാണ് യുവാവെന്നും ഇവർ പറയുന്നു. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും വ്യാപാരികളും കഴിയുന്ന സഹായങ്ങൾ നൽകുന്നുണ്ടെങ്കിലും സ്ഥിരമായ പരിചരണവും സംരക്ഷണവും ലഭിക്കാത്തത് ആശങ്കയുണ്ടാക്കുകയാണ്.

യുവാവിന്റെ പേരോ സ്വദേശമോ മറ്റ് വിവരങ്ങളോ വ്യക്തമായി അറിയാത്തതിനാൽ നാട്ടുകാർക്കും കൂടുതൽ സഹായം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ആരോഗ്യനില മോശമായതിനാൽ അടിയന്തരമായി ബന്ധപ്പെട്ടവർ ഇടപെട്ട് യുവാവിന് ഭക്ഷണവും ചികിത്സയും ഉറപ്പാക്കണമെന്നാണ് ആവശ്യം.

സന്നദ്ധ സംഘടനകളോ സാമൂഹിക പ്രവർത്തകരോ പൊലീസോ ഇടപെട്ട് യുവാവിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി ആവശ്യമായ സഹായവും പരിചരണവും നൽകണമെന്നാണ് സമീപത്തെ വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്. മനുഷ്യസ്നേഹത്തിന്റെ കരുതൽ കാത്ത് കോപ്പാലം ബസ് സ്റ്റോപ്പിൽ കഴിയുകയാണ് ഈ യുവാവ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379434/koppalam-bus-stop-migrant-youth-distress-help-needed)