---
title: "ശ്രീറാം ഫിനാൻസ് വായ്പ തട്ടിപ്പ് ; ചമ്പാട് സ്വദേശിയുടെ പേരിൽ 25 ലക്ഷത്തോളവും, ഇരിട്ടിയിലെ ഡോക്ടറുടെ പേരിൽ 5.40ലക്ഷവും അവരറിയാതെ വാഹന വായ്പ"
english_title: "Shriram Finance Loan Fraud 25 Lakh In Champad Name Doctor Complaint Iritty"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379415/shriram-finance-loan-fraud-champad-iritty-complaint"
published_at: "2026-08-21T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87c092c27b2_Untitled-1_copy.jpg"
keywords: ["Shriram Finance", "Loan Fraud", "Iritty", "Champad", "Panoor"]
---

# ശ്രീറാം ഫിനാൻസ് വായ്പ തട്ടിപ്പ് ; ചമ്പാട് സ്വദേശിയുടെ പേരിൽ 25 ലക്ഷത്തോളവും, ഇരിട്ടിയിലെ ഡോക്ടറുടെ പേരിൽ 5.40ലക്ഷവും അവരറിയാതെ വാഹന വായ്പ

> **Lead Summary:** പാനൂർ: പാനൂരിന് പിന്നാലെ ശ്രീറാം ഫിനാൻസിന്റെ ഇരിട്ടി ശാഖയിലും വായ്പ തട്ടിപ്പ് നടന്നതായി പരാതി.തന്റെ പേരിൽ 5.40 ലക്ഷം രൂപ താനറിയാതെ വായ്പയെടുത്തതായി സർക്കാർ സർവീസിലുള്ള ഡോക്ടർ ഇരിട്ടി പോലീസിൽ പരാതി നൽകി.

## Article Content

പാനൂർ: പാനൂരിന് പിന്നാലെ ശ്രീറാം ഫിനാൻസിന്റെ ഇരിട്ടി ശാഖയിലും വായ്പ തട്ടിപ്പ് നടന്നതായി പരാതി.തന്റെ പേരിൽ 5.40 ലക്ഷം രൂപ താനറിയാതെ വായ്പയെടുത്തതായി സർക്കാർ സർവീസിലുള്ള ഡോക്ടർ ഇരിട്ടി പോലീസിൽ പരാതി നൽകി.

ഡോക്ടറുടെ ആധാർ, പാൻ നമ്പറുകൾ ഉപയോഗിച്ചാണ് ഇത്രയും രൂപയുടെ വാഹന വായ്പയെടുത്തത്. ഈ സ്ഥാപനവുമായി ഒരിടപാടും ഇതുവരെ ഡോക്ടർ നടത്തിയിട്ടില്ല. പേരും ആധാർ, പാൻ നമ്പറുകളും ഉപയോഗിച്ചെങ്കിലും ലോൺ അക്കൗണ്ടിൽ നൽകിയ ഫോൺ നമ്പർ തന്റേതല്ലെന്നും തന്റെ പേരിൽ വാഹനമില്ലെന്നും ഡോക്ടർ പറഞ്ഞു.

സിബിൽ സ്കോർ പരിശോധിച്ചപ്പോഴാണ് തന്റെ പേരിൽ വായ്പയുള്ള വിവരം ഡോക്ടർ അറിഞ്ഞത്. കഴിഞ്ഞ മാസമാണ് വായ്പയെടുത്തതെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. തന്റെ പേരിൽ എടുത്ത വാഹനത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ വായ്പ സംബന്ധമായ മുഴുവൻ രേഖകളും നൽകണമെന്നാണ് പരാതിയിലെ ആവശ്യം.

രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നിരവധി പേർ കീഴൂരിലുള്ള ശ്രീറാം ഫിനാൻസ് ശാഖയിലെത്തിയതായാണ് വിവരം. തങ്ങളുടെ പേരിൽ വ്യാജമായി വായ്പയെടുത്തതായി സംശയിക്കുന്നവർ ചേർന്ന് വാട്സാപ്പ് കൂട്ടായ്മയും തുടങ്ങിയിട്ടുണ്ട്.

സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയപ്പോൾ ഉണ്ടായ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സ്ഥാപന ഉടമകളുടെ വിശദീകരണം. 70 ശതമാനത്തോളം പ്രശ്നങ്ങൾ പരിഹരിച്ചതായും ശേഷിക്കുന്നവ ഉടൻ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. വായ്പ ബാധ്യതയുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയവർക്ക് ബാധ്യതയില്ലെന്ന സാക്ഷ്യപത്രം നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ബുധനാഴ്ച പാനൂർ ശാഖയിലും വായ്പ തട്ടിപ്പ് പരാതിയുമായി നിരവധി പേരെത്തിയിരുന്നു. ചമ്പാട് സ്വദേശി ശ്യാംജിത്തിന്റെ പേരിൽ 25 ലക്ഷത്തോളം രൂപയുടെ വായ്പ അദ്ദേഹം അറിയാതെ എടുത്തു എന്നതുൾപ്പെടെ നിരവധി പരാതികളാണ് ഇവിടെയുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379415/shriram-finance-loan-fraud-champad-iritty-complaint)