---
title: "പാനൂരിൽ കല്യാണ വീട്ടിലെത്തിയ യുവതികൾക്ക് ദേഹാസ്വാസ്ഥ്യം ; മണവാട്ടിയായിരിക്കുമ്പോഴും ഡോക്ടറുടെ മനസ് മറക്കാതെ നവവധു"
english_title: "Panoor Bride Doctor Shirin Zubair Treats Guests During Wedding Ceremony"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379370/panoor-bride-doctor-shirin-zubair-treats-women-wedding"
published_at: "2026-08-20T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86fc6e745df_panoor-bride-doctor-shirin-zubair-treats-women.jpg"
keywords: ["Panoor", "Bride Doctor", "Shirin Zubair", "Human Story"]
---

# പാനൂരിൽ കല്യാണ വീട്ടിലെത്തിയ യുവതികൾക്ക് ദേഹാസ്വാസ്ഥ്യം ; മണവാട്ടിയായിരിക്കുമ്പോഴും ഡോക്ടറുടെ മനസ് മറക്കാതെ നവവധു

> **Lead Summary:** പാനൂർ: സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ വിവാഹദിനത്തിലും ഡോക്ടറെന്ന നിലയിലെ കടമയും കർത്തവ്യവും മറക്കാതെ മാതൃകയായിരിക്കുകയാണ് പാനൂരിലെ നവവധു ഡോ. ഷിറിൻ സുബൈർ. വിവാഹച്ചടങ്ങുകൾക്കിടെ കല്യാണ വീട്ടിലെത്തിയ രണ്ട് യുവതികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴാണ് മണവാട്ടി തന്നെ ചികിത്സാ സഹായവുമായി ഓടിയെത്തിയത്.

## Article Content

പാനൂർ: സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ വിവാഹദിനത്തിലും ഡോക്ടറെന്ന നിലയിലെ കടമയും കർത്തവ്യവും മറക്കാതെ മാതൃകയായിരിക്കുകയാണ് പാനൂരിലെ നവവധു ഡോ. ഷിറിൻ സുബൈർ. വിവാഹച്ചടങ്ങുകൾക്കിടെ കല്യാണ വീട്ടിലെത്തിയ രണ്ട് യുവതികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോഴാണ് മണവാട്ടി തന്നെ ചികിത്സാ സഹായവുമായി ഓടിയെത്തിയത്.

വിവാഹച്ചടങ്ങുകളുടെ തിരക്കിനിടെയാണ് യുവതികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ മറ്റൊന്നും ആലോചിക്കാതെ ഡോ. ഷിറിൻ ഇവരുടെ അടുത്തെത്തി. ഇരുവരെയും പരിശോധിച്ച് ആവശ്യമായ പരിചരണവും നിർദേശങ്ങളും നൽകുകയായിരുന്നു. വിവാഹത്തിന്റെ തിരക്കുകളും ആഘോഷങ്ങളും മാറ്റിവെച്ച് രോഗികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിയ നവവധുവിന്റെ ഇടപെടൽ ഏറെ ശ്രദ്ധേയമായി.

സ്വന്തം വിവാഹദിനത്തിൽ പോലും താൻ ഒരു ഡോക്ടറാണെന്ന ഉത്തരവാദിത്വം മറക്കാതെ, ആവശ്യമുള്ളവർക്ക് കരുതലും സഹായവും നൽകുകയായിരുന്നു ഡോ. ഷിറിൻ. ചികിത്സയും മനുഷ്യസേവനവും ഒരു തൊഴിൽമാത്രമല്ലെന്ന സന്ദേശം കൂടിയാണ് നവവധുവിന്റെ ഈ പ്രവർത്തിയിലൂടെ പുറത്തുവന്നത്.

പാനൂർ നഗരസഭ കൗൺസിലർ ഷമീന സുബൈറിന്റെയും പ്രവാസിയായ പി.കെ. സുബൈറിന്റെയും മകളാണ് ഡോ. ഷിറിൻ സുബൈർ. കൂത്തുപറമ്പ് സ്വദേശിയായ ഡോക്ടർ റിജാസ് അലിയാണ് വരൻ.

വിവാഹത്തിന്റെ സന്തോഷത്തിനിടയിലും ഡോക്ടറെന്ന നിലയിലുള്ള ഉത്തരവാദിത്വം കൈവിടാതെ രണ്ട് യുവതികൾക്ക് ആശ്വാസമായി മാറിയ ഷിറിന്റെ പ്രവർത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രശംസ നേടി. ‘മണവാട്ടിയായപ്പോഴും ഡോക്ടറുടെ മനസ്സ് മറന്നില്ല’ എന്ന നിലയിൽ ഷിറിന്റെ കരുതലും സേവന മനോഭാവവും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379370/panoor-bride-doctor-shirin-zubair-treats-women-wedding)