---
title: "മാഹി ചാലക്കരയിൽ വീട് ഭാഗികമായി കത്തിനശിച്ചു"
english_title: "House Partially Gutted In Mahe Chalakkara Fire Paintings Damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379177/mahe-chalakkara-house-fire-partial-damage"
published_at: "2026-08-19T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8566b364755_Untitled-11_copy.jpg"
keywords: ["Mahe", "Chalakkara", "Fire Accident", "House Fire", "Damage"]
---

# മാഹി ചാലക്കരയിൽ വീട് ഭാഗികമായി കത്തിനശിച്ചു

> **Lead Summary:** മാഹി: ചാലക്കര സെയ്ന്റ് തെരേസാ ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള വീട് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ ഭാഗികമായി കത്തിനശിച്ചു.വാണിയങ്കണ്ടി സ്വദേശി കെ.ടി.കെ. ഷീനയുടെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീ ആളിപ്പടർന്നത്.

## Article Content

മാഹി: ചാലക്കര സെയ്ന്റ് തെരേസാ ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള വീട് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ ഭാഗികമായി കത്തിനശിച്ചു.വാണിയങ്കണ്ടി സ്വദേശി കെ.ടി.കെ. ഷീനയുടെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീ ആളിപ്പടർന്നത്.

മുകളിലത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന ഷീനയും മകനും പുലർച്ചെ കടുത്ത പുകയും ശ്വാസംമുട്ടലും അനുഭവപ്പെട്ടാണ് ഉണർന്നത്. താഴെയിറങ്ങി നോക്കിയപ്പോഴാണ് തീപിടിച്ച കാര്യം അറിഞ്ഞത്. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിന്നീട് ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി.

തീയിൽ അലമാര, ടിവി, ഫാൻ, 4000 രൂപ എന്നിവ പൂർണമായി കത്തിനശിച്ചു. ചിത്രകാരിയായ ഷീന വരച്ച ഏതാനും പെയിന്റിംഗുകളും കത്തിച്ചാമ്പലായി.

തിങ്കളാഴ്ച വൈകിട്ട് മുറിയിലെ ഫോട്ടോയ്ക്ക് കീഴെ കത്തിച്ചുവെച്ച വിളക്ക് അണയ്ക്കാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിളക്ക് താഴെ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇതിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.

സംഭവമറിഞ്ഞ് മാഹി ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ് സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379177/mahe-chalakkara-house-fire-partial-damage)