---
title: "വടകര കടത്തനാട് സഹകരണ നിക്ഷേപ തട്ടിപ്പ്: 3 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും"
english_title: "Vadakara Kadathanad Co-operative Fraud 3 Accused Produced In Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378891/vadakara-kadathanad-co-operative-fraud-3-accused-produced-in-court"
published_at: "2026-08-17T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82aa0ea781f_Untitled-9_copy.jpg"
keywords: []
---

# വടകര കടത്തനാട് സഹകരണ നിക്ഷേപ തട്ടിപ്പ്: 3 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

> **Lead Summary:** വടകര: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന വടകര കടത്തനാട് സഹകരണ സ്ഥാപന കേസിലെ മൂന്ന് പ്രതികളെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും.

## Article Content

വടകര: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന വടകര കടത്തനാട് സഹകരണ സ്ഥാപന കേസിലെ മൂന്ന് പ്രതികളെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും.

കോൺഗ്രസ് നേതാവും മുൻ ഡിസി സെക്രട്ടറിയുമായ ടി.വി. സുധീർ കുമാർ, സൊസൈറ്റി സെക്രട്ടറി വെള്ളികുളങ്ങര സ്വദേശിനി പ്രീന, കേസിലെ മുഖ്യപ്രതിയായ പേരാമ്പ്ര സ്വദേശി റിനീഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുന്നത്.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിക്കുന്നത്. കസ്റ്റഡി അനുമതി ലഭിച്ചാൽ മൂവരെയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച തുകയുടെ കണക്ക്, നടത്തിയ വിവിധ സാമ്പത്തിക ഇടപാടുകൾ, സൊസൈറ്റിയിലെ മറ്റ് ക്രമക്കേടുകൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യുക.

സഹകരണ സംഘം ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ സൊസൈറ്റിയിൽ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം വകമാറ്റിയും വ്യാജ വായ്പകൾ സൃഷ്ടിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്.

തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം ഹാജി ഡിസി സെക്രട്ടറി ടി.വി. സുധീർ കുമാറിന്റെ വീട്ടുമുറ്റത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തോടെയാണ് നിക്ഷേപ തട്ടിപ്പ് പുറംലോകം അറിയുന്നത്. 22 ലക്ഷം രൂപ തിരിച്ചു കിട്ടാതായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇബ്രാഹിം ഹാജി ആത്മഹത്യയ്ക്ക് മുമ്പ് വടകര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

സൊസൈറ്റിയിലെ 2.16 കോടിയുടെ തട്ടിപ്പ്, ഇബ്രാഹിം ഹാജിയുടെ ആത്മഹത്യ, പരാതി എന്നീ മൂന്ന് നിർണായക കേസുകളാണ് ഡിവൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378891/vadakara-kadathanad-co-operative-fraud-3-accused-produced-in-court)