---
title: "പരിയാരം ചകിരി സഹകരണ സംഘത്തിൽ മോഷണം; 1 ലക്ഷം രൂപയുടെ മെഷീനുകളും ഷീറ്റുകളും കവർന്നു"
english_title: "Pariyaram Coir Society Theft Machinery Worth 1 Lakh Stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378440/pariyaram-coir-society-theft-machinery-worth-1-lakh-stolen"
published_at: "2026-08-14T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e92ff89c3f_Untitled-1_copy.jpg"
keywords: []
---

# പരിയാരം ചകിരി സഹകരണ സംഘത്തിൽ മോഷണം; 1 ലക്ഷം രൂപയുടെ മെഷീനുകളും ഷീറ്റുകളും കവർന്നു

> **Lead Summary:** പരിയാരം: പൂട്ടിക്കിടന്ന യന്ത്രവൽകൃത ചകിരി സഹകരണ സംഘത്തിൽ നിന്ന് 1 ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും മോഷണം പോയി.

## Article Content

പരിയാരം: പൂട്ടിക്കിടന്ന യന്ത്രവൽകൃത ചകിരി സഹകരണ സംഘത്തിൽ നിന്ന് 1 ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും മോഷണം പോയി.

പരിയാരം കോരൻപീടിക കാവിൻചാലിൽ പ്രവർത്തിച്ചിരുന്ന ചകിരി സംഘത്തിന്റെ ഓഫീസും ഫാക്ടറിയുമാണ് മോഷണം നടന്നത്. കഴിഞ്ഞ 3 വർഷമായി സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു.

ഫാക്ടറിയുടെ ഷട്ടറും ഓഫീസ് കെട്ടിടത്തിന്റെ വാതിലിലെ പൂട്ടും പൊളിച്ചാണ് അജ്ഞാതർ അകത്ത് കടന്നത്. 2023 ജനുവരി മുതൽ 2025 ഓഗസ്റ്റ് 9 വരെയുള്ള കാലയളവിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അമ്മാനപ്പാറ ദീപാഞ്ജലിയിലെ ഇ.ടി. രാജീവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം പോയ മെഷീനുകളുടെയും ഇരുമ്പ് ഷീറ്റുകളുടെയും കണക്ക് പോലീസ് ശേഖരിച്ചു വരികയാണ്.

വർഷങ്ങളായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് മുതലെടുത്താണ് മോഷണം നടന്നതെന്നാണ് സംശയം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രദേശത്ത് സമാനമായ മോഷണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങൾക്ക് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378440/pariyaram-coir-society-theft-machinery-worth-1-lakh-stolen)