---
title: "കള്ള ഡോക്ടറാ ....! 'കസ്റ്റംസ് തടഞ്ഞുവെച്ചു, 50,000 പൗണ്ട് കിട്ടിയാൽ 53 ലക്ഷം തരാം'; പയ്യന്നൂരിൽ 38കാരിക്ക് നഷ്ടമായത് 14.5 ലക്ഷത്തിലേറെ രൂപ"
english_title: " Fraud Case In Payyannur: Woman Duped Of Rs 14.57 Lakh By Fake UK Doctor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378300/payyannur-fake-uk-doctor-fraud-1457300-rupees-case"
published_at: "2026-08-13T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d75546fa55_payyannur-fake-uk-doctor-fraud-1457300-rupees-case.jpg"
keywords: ["Payyannur Cyber Fraud", "Fake Doctor", "WhatsApp Scam"]
---

# കള്ള ഡോക്ടറാ ....! 'കസ്റ്റംസ് തടഞ്ഞുവെച്ചു, 50,000 പൗണ്ട് കിട്ടിയാൽ 53 ലക്ഷം തരാം'; പയ്യന്നൂരിൽ 38കാരിക്ക് നഷ്ടമായത് 14.5 ലക്ഷത്തിലേറെ രൂപ

> **Lead Summary:** **പയ്യന്നൂർ: **യു.കെയിൽ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 14,57,300 രൂപ തട്ടിയെടുത്തതിന് കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പുഞ്ചക്കാട് ഐശ്വര്യയിലെ പി. മിനിമോൾ നൽകിയ പരാതിയിൽ ഡോ. ലൂയീസ് ഒവൻ എന്ന് പറയപ്പെടുന്ന ആൾക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

## Article Content

**പയ്യന്നൂർ: **യു.കെയിൽ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 14,57,300 രൂപ തട്ടിയെടുത്തതിന് കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പുഞ്ചക്കാട് ഐശ്വര്യയിലെ പി. മിനിമോൾ നൽകിയ പരാതിയിൽ ഡോ. ലൂയീസ് ഒവൻ എന്ന് പറയപ്പെടുന്ന ആൾക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

2023 ലാണ് സംഭവത്തിന്റെ തുടക്കം. വാട്സ്ആപ്പ് മുഖേന ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് യുവതിയെ കാണുന്നതിന് ഇന്ത്യയിലേക്ക് വരികയാണെന്ന് അറിയിച്ചു. ഇന്ത്യയിലേക്ക് വരവെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടിച്ചെന്നും, കൈയിൽ കരുതിയിരുന്ന 50,000 പൗണ്ട് പിടിച്ചുവെച്ചെന്നും ആണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചത്.

പിടിച്ചു വെച്ച തുകയും തന്നെയും മകളെയും കസ്റ്റംസിൽ നിന്നും മോചിപ്പിക്കാനും പണം വേണമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വാട്സ്ആപ്പ് വഴി യുവതിയുമായി ബന്ധപ്പെട്ട ഇയാൾ, കസ്റ്റംസ് കസ്റ്റഡിയിലെടുത്ത 50,000 പൗണ്ട് വിട്ടുകിട്ടുകയാണെങ്കിൽ അത് മാറി അതിന് തുല്യമായ 53 ലക്ഷം രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇതുവഴിയാണ് വൻതുക യുവതിയിൽ നിന്ന് കൈപ്പറ്റിയത്.

പിന്നീടാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് യുവതിക്ക് മനസിലായത്. ഇതേത്തുടർന്ന് ഇന്നലെ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നവരിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന തട്ടിപ്പുകൾ സംസ്ഥാനത്ത് വർധിക്കുന്നുണ്ട്. തിരിച്ചറിയാത്തവർക്ക് പണം കൈമാറുന്നതിന് മുൻപ് ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

**English Summary:**

Payyannur police have registered a case after a 38-year-old woman from Poonchakkad, Aiswarya, P. Minimol, was allegedly cheated of Rs 14,57,300. The complainant said a person posing as Dr. Louis Owen from the UK befriended her on WhatsApp in 2023. He claimed he was detained by customs at Delhi airport with 50,000 pounds and sought money for release, promising to return 53 lakh rupees. Police have launched an investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378300/payyannur-fake-uk-doctor-fraud-1457300-rupees-case)