---
title: "ഭരണം മാറിയപ്പോൾ സ്ഥലംമാറ്റി, ശാരീരികാവസ്ഥ മനസിലാക്കിയില്ല ; കണ്ണൂർ ഡിഎംഒയ്‌ക്കെതിരെ ദീപ  ലേഖയുടെ കുടുംബം"
english_title: "Kannur Health Inspector Deepalekha Death NGO Protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377989/kannur-health-inspector-deepalekha-death-ngo-protest"
published_at: "2026-08-11T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a8d71372db_chokli-health-inspector-deepalekha-funeral.jpg"
keywords: ["Chokli", "Deepalekha", "Health Inspector", "NGO Union", "Protest"]
---

# ഭരണം മാറിയപ്പോൾ സ്ഥലംമാറ്റി, ശാരീരികാവസ്ഥ മനസിലാക്കിയില്ല ; കണ്ണൂർ ഡിഎംഒയ്‌ക്കെതിരെ ദീപ  ലേഖയുടെ കുടുംബം

> **Lead Summary:** സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി.

## Article Content

സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി.

കണ്ണൂർ: സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും എൻജിഒ യൂണിയൻ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ചു. സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിഎംഒയ്ക്കെതിരെ ദീപയുടെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അഞ്ചു മാസം മുൻപാണ് ദീപ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായി ചുമതലയേറ്റത്. ഭരണം മാറിയതോടെ സ്ഥലംമാറ്റം വന്നിരുന്നു. ദീപ ഇടത് സംഘടനാ അംഗം കൂടിയായിരുന്നു.

ദീപയുടെ മരണം കൊലപാതകമാണെന്ന നിലപാടാണ് എൻജിഒ യൂണിയൻ സ്വീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുൻപ് അപകടത്തിൽപ്പെട്ട ദീപയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഈ വിഷയം ഡിഎംഒയോട് നേരിട്ട് അറിയിച്ചിരുന്നുവെന്നും ദീപയുടെ ഭർതൃസഹോദരൻ പറഞ്ഞു.

തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വച്ചു. പൊതുദർശന വേളയിൽ പ്ലക്കാർഡുകൾ ഉയർത്തി എൻജിഒ യൂണിയൻ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം കാസർഗോഡ് എൻഡോസൾഫാൻ സെല്ലിലെ ക്ലർക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തിലും ഭരണാനുകൂല സംഘടനകൾക്കെതിരെ കുടുംബം ആരോപണവുമായി രംഗത്തെത്തി. ഭരണമാറ്റത്തോടെ സഹപ്രവർത്തകർ ഒറ്റപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതായി ആശാലതയ്ക്ക് തോന്നിയിരുന്നുവെന്ന് ഭർത്താവ് അജയൻ വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377989/kannur-health-inspector-deepalekha-death-ngo-protest)