---
title: "പള്ളൂരിൽ പമ്പിൽ ‘ചിൽഡ്രൻസ് ബാങ്ക്’ നോട്ട് നൽകി 600 രൂപക്ക് പെട്രോളടിച്ചു ;  മാഹി പൊലീസ് പിടികൂടിയ വളയത്തെ നാലംഗ സംഘം റിമാണ്ടിൽ"
english_title: "Mahe Palloor Fake Children Bank Notes Petrol Pump 4 Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377844/mahe-palloor-fake-children-bank-notes-4-arrested"
published_at: "2026-08-10T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79f4d86473b_mahe-palloor-fake-children-bank-notes.jpg"
keywords: ["Palloor", "Fake Currency", "Children Bank Note", "Petrol Pump", "Remand"]
---

# പള്ളൂരിൽ പമ്പിൽ ‘ചിൽഡ്രൻസ് ബാങ്ക്’ നോട്ട് നൽകി 600 രൂപക്ക് പെട്രോളടിച്ചു ;  മാഹി പൊലീസ് പിടികൂടിയ വളയത്തെ നാലംഗ സംഘം റിമാണ്ടിൽ

> **Lead Summary:** പള്ളൂർ: പള്ളൂർ ഗ്രാമത്തിയിലെ പറമ്പത്ത് പെട്രോൾ പമ്പിൽ നിന്ന് പെട്രോളടിച്ച ശേഷം അഞ്ഞൂറ് രൂപയോട് സാമ്യമുള്ള വ്യാജനോട്ട് നൽകി കബളിപ്പിച്ച സംഘത്തെ മാഹി പൊലീസ് പിടികൂടി. വളയം സ്വദേശികളായ സായന്ത്, ഷിജിത്ത്, അക്ഷയ്, തൂണേരി സ്വദേശി രജിത്ത് എന്നിവരാണ് അറസ്റ്റിലായത്. മാഹി സി.ഐ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

## Article Content

പള്ളൂർ: പള്ളൂർ ഗ്രാമത്തിയിലെ പറമ്പത്ത് പെട്രോൾ പമ്പിൽ നിന്ന് പെട്രോളടിച്ച ശേഷം അഞ്ഞൂറ് രൂപയോട് സാമ്യമുള്ള വ്യാജനോട്ട് നൽകി കബളിപ്പിച്ച സംഘത്തെ മാഹി പൊലീസ് പിടികൂടി. വളയം സ്വദേശികളായ സായന്ത്, ഷിജിത്ത്, അക്ഷയ്, തൂണേരി സ്വദേശി രജിത്ത് എന്നിവരാണ് അറസ്റ്റിലായത്. മാഹി സി.ഐ പി.എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

അഞ്ഞൂറ് രൂപയുടെ യഥാർഥ നോട്ടിനോട് ഏറെ സാമ്യമുള്ള വ്യാജനോട്ടുകളാണ് സംഘം ഇടപാടുകൾക്കായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. പെട്രോൾ പമ്പിന് പുറമെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും സംഘം സമാന രീതിയിൽ വ്യാജനോട്ട് നൽകി കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുസംബന്ധിച്ച് കൂടുതൽ സ്ഥാപനങ്ങളിൽ പരിശോധനയും അന്വേഷണവും നടക്കുകയാണ്.

‘റിസർവ് ബാങ്ക്’ ഇല്ല, ‘ചിൽഡ്രൻസ് ബാങ്ക്’നോട്ടുകൾ പരിശോധിച്ചപ്പോഴാണ് വ്യാജനോട്ടാണെന്ന് വ്യക്തമായത്. യഥാർഥ നോട്ടുകളിൽ കാണുന്ന ‘Reserve Bank of India’ എന്നതിന് പകരം ‘Children's Bank of India’ എന്നാണ് വ്യാജനോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിലെ സീരിയൽ നമ്പറിന്റെ സ്ഥാനത്ത് പൂജ്യങ്ങളാണ് നൽകിയിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തി.

തിരക്കേറിയ സമയത്താണ് സംഘം പെട്രോൾ പമ്പിലും മറ്റും ഇടപാടുകൾ നടത്തിയിരുന്നത്. ഇതുമൂലം നോട്ടിന്റെ ആധികാരികത പരിശോധിക്കാതെ ജീവനക്കാരും വ്യാപാരികളും പണം സ്വീകരിക്കുകയായിരുന്നു. പിന്നീട് പണം ബാങ്കിൽ നിക്ഷേപിക്കാനോ എണ്ണിത്തിട്ടപ്പെടുത്താനോ ശ്രമിച്ചപ്പോഴാണ് സംശയം ഉയർന്നതെന്നാണ് വിവരം.

ഓൺലൈനിൽ വാങ്ങിയതെന്ന് പൊലീസ്

വ്യാജനോട്ടുകൾ ഓൺലൈനായി വാങ്ങിയതായാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച സൂചന. വ്യാജനോട്ടുകൾ എവിടെ നിന്നാണ് വാങ്ങിയത്, ഇതിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോ, സംഘത്തിന് സമാനമായി പ്രവർത്തിക്കുന്ന മറ്റുള്ളവരുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികൾ മുമ്പും സമാന രീതിയിൽ വ്യാജനോട്ടുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ഇവരിൽ നിന്ന് പിടിച്ചെടുത്ത വ്യാജനോട്ടുകളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.

പെട്രോൾ പമ്പുകളിലും കടകളിലും തിരക്കേറിയ സമയത്ത് വ്യാജനോട്ട് നൽകി പണം മാറിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന സൂചന ലഭിച്ചതോടെ വ്യാപാര സ്ഥാപനങ്ങൾക്കും പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377844/mahe-palloor-fake-children-bank-notes-4-arrested)