---
title: "ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചു ; കണ്ണൂർ സ്വദേശി അറസ്റ്റിൽ, പ്രതിക്കെതിരെ 4 പോക്സോ"
english_title: "Kerala Youth Arrested POCSO Case Instagram Minor Girls"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377837/kannur-youth-arrested-pocso-instagram-minor-girls"
published_at: "2026-08-10T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79eac01ccd0_kannur-youth-arrested-pocso.jpg"
keywords: ["POCSO", "Instagram", "Child Abuse", "Kannur"]
---

# ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചു ; കണ്ണൂർ സ്വദേശി അറസ്റ്റിൽ, പ്രതിക്കെതിരെ 4 പോക്സോ

> **Lead Summary:** കണ്ണൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് അറസ്റ്റിൽ.

## Article Content

കണ്ണൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് അറസ്റ്റിൽ.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുമായി പരിചയപ്പെട്ടത്. പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷം കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തിയ പ്രതി വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമം നടത്തിയതായാണ് കേസ്.

ആദ്യം ഒരു വിദ്യാർഥിനിയുമായി പരിചയപ്പെട്ട പ്രതി പിന്നീട് അവരുടെ കൂട്ടുകാരിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരുടെയും ഇൻസ്റ്റഗ്രാം ഐഡികൾ വഴി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഇരുവരുടെയും ഐഡികൾ ബ്ലോക്ക് ചെയ്തു.

ഇയാൾ മറ്റൊരു പെൺകുട്ടിയുമായി ബന്ധത്തിലായതോടെയാണ് ആദ്യ സംഭവം പുറത്തറിയുന്നത്. തുടർന്ന് ആദ്യത്തെ അതിജീവിതയുടെ വീട്ടുകാർ പോത്തൻകോട് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ രണ്ടാമത്തെ കുട്ടിയും ഇരയായതായി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് പോത്തൻകോട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.നിലവിൽ തളിപ്പറമ്പ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രണ്ട് പോക്‌സോ കേസുകൾ കൂടി നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുട്ടികളെ ഓൺലൈനായി വശീകരിക്കുന്ന കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377837/kannur-youth-arrested-pocso-instagram-minor-girls)