---
title: "അംഗീകാരവും ആദരവും നൽകേണ്ടത് മരണാനന്തരമല്ലെന്ന് വി.ആർ.സുധീഷ് ; ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി ആദരായനം നടത്തി."
english_title: "VR Sudheesh Honour Should Be Given While Alive New Mahe Sahridaya"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377692/vr-sudheesh-new-mahe-sahridaya-aadharayanam"
published_at: "2026-08-10T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a795aab6a5fd_vr-sudheesh-new-mahe-sahridaya-aadharayanam.jpg"
keywords: ["New Mahe Sahridaya", "Ashok Kumar MLA", "Mahe", "VR Sudheesh"]
---

# അംഗീകാരവും ആദരവും നൽകേണ്ടത് മരണാനന്തരമല്ലെന്ന് വി.ആർ.സുധീഷ് ; ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി ആദരായനം നടത്തി.

> **Lead Summary:** മാഹി: അർഹതപ്പെട്ടവർക്ക് അംഗീകാരവും ആദരവും അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ നൽകാൻ നമുക്ക് കഴിയണമെന്ന് നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്‌കാര ജേതാവ് സി.വി. രാജൻ പെരിങ്ങാടിയെയും ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാര ജേതാവ് സോമൻ മാഹിയെയും ആദരിച്ച ശേഷം വി.ആർ. സുധീഷ് പറഞ്ഞു.

## Article Content

മാഹി: അർഹതപ്പെട്ടവർക്ക് അംഗീകാരവും ആദരവും അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ നൽകാൻ നമുക്ക് കഴിയണമെന്ന് നന്മമരം സംസ്ഥാന പരിസ്ഥിതി പുരസ്‌കാര ജേതാവ് സി.വി. രാജൻ പെരിങ്ങാടിയെയും ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാര ജേതാവ് സോമൻ മാഹിയെയും ആദരിച്ച ശേഷം വി.ആർ. സുധീഷ് പറഞ്ഞു.

ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി സംഘടിപ്പിച്ച 'ആദരായനം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം നൽകാതെ മരണാനന്തരം ആളുകളെ മഹാന്മാരാക്കാൻ ശ്രമിക്കുന്നതിൽ കാര്യമില്ലെന്നും, ഇക്കാലത്ത് അനർഹരായവർ കൊണ്ടാടപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വായന മാത്രം മതിയെന്ന ധാരണ തെറ്റാണെന്നും കുട്ടികളെ അച്ചടി വായനയോട് അടുപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രക്ഷിതാക്കളും അധ്യാപകരും ആ ദൗത്യം ഏറ്റെടുക്കണമെന്നും എംഎൽഎ പറഞ്ഞു.

സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു. 'രക്ഷിതാക്കൾ അറിയാൻ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അധ്യാപക അവാർഡ് ജേതാവ് പ്രദീപ് കിനാത്തി പ്രഭാഷണം നടത്തി.

എൽ.പി, യു.പി. വിഭാഗങ്ങളിൽ നടത്തിയ വായനാ മത്സരങ്ങളിലെ 200 ഓളം വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

പ്രസിഡന്റ് പി.കെ.വി. സാലിഹ് അധ്യക്ഷത വഹിച്ചു. എൻ.വി. അജയകുമാർ ആദരഭാഷണം നടത്തി. മാഹി സി.ഇ.ഒ. ഇൻചാർജ് എം.എം. തനൂജ, പ്രദീപ് കൂവ, എം.എ. കൃഷ്ണൻ, ഷാജി കൊള്ളുമ്മൽ, സി.കെ. രാജലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377692/vr-sudheesh-new-mahe-sahridaya-aadharayanam)