---
title: "കൂത്തുപറമ്പ് കൈതേരിയിൽ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം: 3 പേർ പിടിയിൽ"
english_title: "Koothuparamba Kaitheri Sandalwood Tree Theft Three Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377264/koothuparamba-kaitheri-sandalwood-tree-theft-three-arrested"
published_at: "2026-08-07T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a6bd28f59_koothuparamba-kaitheri-sandalwood-tree-theft.jpg"
keywords: ["Sandalwood Theft", "Kaitheri", "Forest Case", "Koothuparamba"]
---

# കൂത്തുപറമ്പ് കൈതേരിയിൽ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം: 3 പേർ പിടിയിൽ

> **Lead Summary:** കൂത്തുപറമ്പ്: കൈതേരിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് പിടികൂടി. ചന്ദനമരം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.വയനാട് പേരിയ സ്വദേശി കെ. മുഹമ്മദ് ഷഹീർ, നിർമ്മലഗിരി പതിനൊന്നാം മൈൽ സ്വദേശി കെ. റഫീക്ക്, മാങ്ങാട്ടിടം കുളത്തിനടവ് സ്വദേശി സി. രജീഷ് എന്നിവരാണ് പിടിയിലായത്.

## Article Content

കൂത്തുപറമ്പ്: കൈതേരിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിലെ ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച മൂന്നുപേരെ കൂത്തുപറമ്പ് പോലീസ് പിടികൂടി. ചന്ദനമരം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.വയനാട് പേരിയ സ്വദേശി കെ. മുഹമ്മദ് ഷഹീർ, നിർമ്മലഗിരി പതിനൊന്നാം മൈൽ സ്വദേശി കെ. റഫീക്ക്, മാങ്ങാട്ടിടം കുളത്തിനടവ് സ്വദേശി സി. രജീഷ് എന്നിവരാണ് പിടിയിലായത്.

കൈതേരിയിലെ കല്യാണ വീട്ടിലെ പന്തൽ പണിക്ക് വന്നവരാണ് ഷഹീറും റഫീക്കും. പന്തൽ കെട്ടുന്നതിനിടെ സമീപത്തെ വീട്ടിൽ ചന്ദനമരം കണ്ടതാണ് പ്രതികളെ പ്രേരിപ്പിച്ചത്.

വീട്ടുകാർ പുറത്തുപോയ സമയം നോക്കി അർധരാത്രിയോടെ ഓട്ടോ ഡ്രൈവറായ രജീഷിനൊപ്പം ഇവർ വീട്ടിലെത്തി. മരം മുറിച്ച് ഓട്ടോറിക്ഷയിൽ കയറ്റി കടത്തുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ വിവരം കൂത്തുപറമ്പ് പോലീസിൽ അറിയിച്ചു.

എസ്.ഐ ലതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓട്ടോ ഡ്രൈവർ രജീഷിനെ ആദ്യം പിടികൂടി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചന്ദനമരവുമായി കടന്നുകളഞ്ഞ മറ്റ് രണ്ട് പ്രതികളെ കണ്ടെത്തി.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർമ്മലഗിരി പതിനൊന്നാം മൈലിലെ വീട്ടിൽ നിന്നാണ് ഷഹീറിനെയും റഫീക്കിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായ മൂന്ന് പേരെയും കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചന്ദനമരം വനംവകുപ്പിന്റെ പരിധിയിൽ വരുന്നതിനാൽ കേസ് കൊട്ടിയൂരിലെ വനംവകുപ്പ് ഓഫീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377264/koothuparamba-kaitheri-sandalwood-tree-theft-three-arrested)