---
title: "നാദാപുരം പേരോട് വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു: കേസെടുത്തു"
english_title: "Nadapuram Perode Trader Kidnapped And Assaulted In Car Case Registered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377254/nadapuram-perode-trader-kidnapped-assaulted-case-registered"
published_at: "2026-08-07T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a0f01e29f_nadapuram-perode-trader-kidnapped-assaulted-.jpg"
keywords: []
---

# നാദാപുരം പേരോട് വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു: കേസെടുത്തു

> **Lead Summary:** നാദാപുരം: പേരോട് കടയിൽ നിൽക്കുകയായിരുന്ന വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കഴുത്തറുത്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കല്ലാച്ചി സ്വദേശിയായ പുതിയൊട്ടിൽ അന്ത്രു ആണ് പരാതിക്കാരൻ.

## Article Content

നാദാപുരം: പേരോട് കടയിൽ നിൽക്കുകയായിരുന്ന വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കഴുത്തറുത്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കല്ലാച്ചി സ്വദേശിയായ പുതിയൊട്ടിൽ അന്ത്രു ആണ് പരാതിക്കാരൻ.

> ആഗസ്റ്റ് 5-ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്. പേരോടുള്ള കടയിൽ നിൽക്കുകയായിരുന്ന അന്ത്രുവിനെ, കടയുടെ ബിൽഡിംഗ് ഓണറുടെ മകനും കേസിലെ ഒന്നാം പ്രതിയുമായ മുഫ്നാസും ബന്ധുവായ ജംഷിദും ചേർന്ന് "ഒരു കാര്യം സംസാരിക്കാനുണ്ട്" എന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

തുടർന്ന് പ്രതികൾ കാറിനുള്ളിൽ വെച്ച് അന്ത്രുവിനെ മുഖത്ത് അടിക്കുകയും ചാവി പോലുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനുപുറമെ കഴുത്തറുത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.ഗുരുതരമായി പരിക്കേറ്റ അന്ത്രു സംഭവത്തെ കുറിച്ച് നാദാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒന്നാം പ്രതി മുഫ്നാസ്, രണ്ടാം പ്രതി ജംഷിദ് എന്നിവർക്കെതിരെയാണ് കേസ്.

തട്ടിക്കൊണ്ടുപോകൽ, മർദ്ദനം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377254/nadapuram-perode-trader-kidnapped-assaulted-case-registered)