---
title: "കണ്ണൂർ കീഴ്ത്തളി വയോധികയുടെ വീട്ടിലെ കവർച്ച: യുവതിയും അറസ്റ്റിൽ"
english_title: "Kannur Keezhuthally Theft Case Woman Savita Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/377219/kannur-keezhuthally-theft-case-woman-savita-arrested"
published_at: "2026-08-07T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a758320c102c_kannur-keezhuthally-theft-case-woman-arrested.jpg"
keywords: ["Kannur Crime", "Theft", "Gold Chain", "Town Police", "ACP Azad"]
---

# കണ്ണൂർ കീഴ്ത്തളി വയോധികയുടെ വീട്ടിലെ കവർച്ച: യുവതിയും അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്ന് 2.5 പവന്റെ സ്വർണമാല കവർച്ച ചെയ്ത കേസിൽ യുവതി കൂടി പോലീസ് പിടിയിലായി.

## Article Content

കണ്ണൂർ: തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്ന് 2.5 പവന്റെ സ്വർണമാല കവർച്ച ചെയ്ത കേസിൽ യുവതി കൂടി പോലീസ് പിടിയിലായി.

താഴെ ചൊവ്വ ആറ്റടപ്പ സ്റ്റാർ നിവാസിലെ എം.കെ. സവിത (48)യാണ് അറസ്റ്റിലായത്. ജൂലായ് 8ന് കീഴ്ത്തളിയിലെ പുഷ്പയുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് നടപടി.

ഈ കേസിൽ എളയാവൂർ സൗത്ത് അംഗനവാടിക്ക് സമീപം വടക്കെ ചാലിൽ താമസിക്കുന്ന ഷിനേഷിനെ (33) ജൂലായ് 22ന് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വയോധികയുടെ വീടിന്റെ മുകൾ നിലയിൽ ഷിനേഷ് താമസിച്ചുവരികയായിരുന്നു. സഹായിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ ഇയാൾ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ആഭരണം കവർച്ച ചെയ്തതായി പോലീസ് പറഞ്ഞു.

ഷിനേഷും സവിതയും ഒരു സംഘമായാണ് പ്രവർത്തിക്കുന്നത്. ഇരുവരും ഹോംനേഴ്സ് അടക്കമുള്ള ജോലികൾ ചെയ്യാറുണ്ട്. ജോലി ചെയ്യുന്ന വീടുകളിലെ സാഹചര്യങ്ങൾ മനസ്സിലാക്കി യുവതിയാണ് ഷിനേഷിന് വിവരം കൈമാറുന്നത്.

പുഷ്പയുടെ വീടിന് മുകളിൽ ഷിനേഷ് താമസിക്കുമ്പോൾ ഇടയ്ക്കിടെ സവിത അവിടെ എത്താറുണ്ടായിരുന്നു. ഷിനേഷിന്റെ ബന്ധുവാണെന്ന വ്യാജേനയാണ് വീട്ടിലെത്തിയിരുന്നത്. അങ്ങനെ പുഷ്പയുടെ വീട്ടിലെത്തി നിരീക്ഷണം നടത്തി വിവരം ഷിനേഷിന് കൈമാറുകയായിരുന്നു.കവർച്ചയ്ക്ക് ശേഷം സവിത പയ്യന്നൂരിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു.

കണ്ണൂർ എ.സി.പി ആയി എം.പി. ആസാദ് ചുമതലയേറ്റതിനെ തുടർന്ന് പഴയ കേസുകളിൽ അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ സി.ഐ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ ടി.എം. വിപിനും എസ്.ഐ വൈഷ്ണവും അടങ്ങിയ സംഘമാണ് സവിതയെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/377219/kannur-keezhuthally-theft-case-woman-savita-arrested)