---
title: "തെരുവിൽ കഴിയുന്നവരുടെയും മരിച്ചവരുടെയും  പേരിൽ ബാങ്ക് നിക്ഷേപം കോടികൾ ;  മയക്കുമരുന്ന് ഇടപാടിന്റെ ഞെട്ടിക്കുന്ന ശൃംഖല തകർത്ത് തലശേരി പൊലീസ്"
english_title: "Thalassery Police Bust Drug Money Laundering Network Fake Bank Accounts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376887/thalassery-police-bust-drug-money-laundering-network-fake-bank-accounts"
published_at: "2026-08-05T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a734b8caa2e1_thalassery-drug-money-laundering-network.jpg"
keywords: ["Thalassery Police", "Drug Mafia", "Money Laundering", "Fake Bank Accounts", "MDMA"]
---

# തെരുവിൽ കഴിയുന്നവരുടെയും മരിച്ചവരുടെയും  പേരിൽ ബാങ്ക് നിക്ഷേപം കോടികൾ ;  മയക്കുമരുന്ന് ഇടപാടിന്റെ ഞെട്ടിക്കുന്ന ശൃംഖല തകർത്ത് തലശേരി പൊലീസ്

> **Lead Summary:** തലശ്ശേരി: മയക്കുമരുന്ന് വിൽപനയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തലശ്ശേരി പൊലീസിന്റെ അന്വേഷണത്തിൽ പുറത്തുവരുന്നത്. വടക്കേ ഇന്ത്യയിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് കഴിയുന്ന നിരാലംബരുടെയും ഭവനരഹിതരുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന്, അവരറിയാതെയാണ് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

## Article Content

തലശ്ശേരി: മയക്കുമരുന്ന് വിൽപനയ്ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് തലശ്ശേരി പൊലീസിന്റെ അന്വേഷണത്തിൽ പുറത്തുവരുന്നത്. വടക്കേ ഇന്ത്യയിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് കഴിയുന്ന നിരാലംബരുടെയും ഭവനരഹിതരുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന്, അവരറിയാതെയാണ് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

തെരുവിൽ കഴിയുന്നവരെ പണം നൽകി ആധാർ കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കൈക്കലാക്കിയാണ് ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നത്. പിന്നീട് ഈ അക്കൗണ്ടുകൾ മയക്കുമരുന്ന് വിൽപനയിൽ നിന്നുള്ള പണം സ്വീകരിക്കാനും കൈമാറ്റം ചെയ്യാനുമുള്ള പ്രധാന മാർഗമായി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അക്കൗണ്ടുടമകളായ ആളുകൾക്ക് അവരുടെ പേരിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കേരളത്തിലുടനീളം പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിതരണ ശൃംഖലയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്ന പ്രധാന കണ്ണികളാണ് പിടിയിലായ കാസർകോട് സ്വദേശി അബ്ദുൽറഹ്മാനും എറണാകുളം സ്വദേശി റിഷാദുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വ്യാജ രേഖകൾ തയ്യാറാക്കൽ, ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിക്കൽ, പണം കൈമാറ്റം ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കൽ എന്നിവ ഉൾപ്പെടെ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇരുവരും സഹായം നൽകിയിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ജൂൺ 11-ന് തലശ്ശേരി ചിറക്കരയിൽ നിന്ന് 185 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിനിടെയാണ് സംഘത്തിന്റെ തലവനെന്ന് കരുതുന്ന മുജിതാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ന്യൂമാഹിയിൽ 0.86 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ അന്വേഷണമാണ് പിന്നീട് സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിച്ചുകിടക്കുന്ന ഈ വൻ മയക്കുമരുന്ന് ശൃംഖലയിലേക്ക് പൊലീസിനെ എത്തിച്ചത്.

ന്യൂമാഹി കേസിന് പിന്നാലെ മയക്കുമരുന്ന് ഡ്രോപ്പുമായി ബന്ധപ്പെട്ട് മുഹമ്മദ് സമീൽ എന്നയാളെ 185 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണവുമാണ് മുജിതാബയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ, സംസ്ഥാനങ്ങൾക്ക് പുറത്തുള്ള ബന്ധങ്ങൾ, വ്യാജരേഖകൾ നിർമ്മിക്കുന്ന ശൃംഖല, ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന പണമിടപാടുകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഈ കേസിൽ ഇനിയും കൂടുതൽ അറസ്റ്റുകളും നിർണായക വിവരങ്ങളും പുറത്തുവരാനിടയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376887/thalassery-police-bust-drug-money-laundering-network-fake-bank-accounts)