---
title: "പയ്യന്നൂരിൽ 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി: ഓപ്പറേഷൻ തണ്ടറിൽ ലോറി ഡ്രൈവർ അറസ്റ്റിൽ"
english_title: "Payyannur 7000 Litre Spirit Seized Operation Thunder Excise Raid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376872/payyannur-7000-litre-spirit-seized-operation-thunder-excise-raid"
published_at: "2026-08-05T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7329f6daa6f_payyannur-7000-litre-spirit-seized-operation-thunder.jpg"
keywords: []
---

# പയ്യന്നൂരിൽ 7000 ലിറ്റർ സ്പിരിറ്റ് പിടികൂടി: ഓപ്പറേഷൻ തണ്ടറിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** പയ്യന്നൂർ: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തുന്ന ഓണാഘോഷ സ്പെഷൽ ഡ്രൈവിനിടെ 7000 ലിറ്റർ സ്പിരിറ്റുമായി ലോറി പിടികൂടി. സംഭവത്തിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിലായി.

## Article Content

പയ്യന്നൂർ: ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തുന്ന ഓണാഘോഷ സ്പെഷൽ ഡ്രൈവിനിടെ 7000 ലിറ്റർ സ്പിരിറ്റുമായി ലോറി പിടികൂടി. സംഭവത്തിൽ പത്തനംതിട്ട സ്വദേശി അറസ്റ്റിലായി.

കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പെരുമ്പയിൽ രാത്രി 12.15 ഓടെ പരിശോധന നടത്തിയത്.

ഉമിച്ചാക്കുകൾ കൊണ്ട് മൂടിവെച്ച നിലയിൽ 35 ലിറ്ററിൻ്റെ 200 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്തിയിരുന്നത്. ലോറി ഡ്രൈവറായ പത്തനംതിട്ട സ്വദേശി ആർ. അഖിൽ കൃഷ്ണൻ(28) നെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

ഹുബ്ലിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കാണ് സ്പിരിറ്റ് കൊണ്ടുപോകുന്നതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. സംസ്ഥാനത്തിനകത്തേക്ക് അനധികൃതമായി സ്പിരിറ്റ് കടത്തുന്ന വലിയ ശൃംഖലയുടെ ഭാഗമാണിതെന്നാണ് എക്സൈസിൻ്റെ സംശയം. തുടർ അന്വേഷണത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ പിടിയിലായേക്കും.

ഓണത്തോടനുബന്ധിച്ച് ലഹരിയുടെയും അനധികൃത മദ്യത്തിൻ്റെയും കടത്ത് തടയുന്നതിന് വേണ്ടിയാണ് 'ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ എക്സൈസ് സ്പെഷൽ ഡ്രൈവ് നടത്തുന്നത്.

പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ കെ.പി, ഗ്രേഡ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർമാരായ വിനോദ് വി.കെ, കമലാക്ഷൻ ടി.വി, ശ്രീനിവാസൻ പി.വി, സുരേഷ് ബാബു എം.പി, പ്രിവൻ്റീവ് ഓഫീസർ വിനേഷ് ടി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കെ.വി, സൂരജ് പി, സജിൻ എ.വി, സബീഷ് ഇ.പി, ജയേഷ് പി.വി, ഡ്രൈവർ അജിത്ത് പി.വി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376872/payyannur-7000-litre-spirit-seized-operation-thunder-excise-raid)