---
title: "ഓപ്പറേഷൻ തൂഫാന് പിന്നാലെ പോയ തലശ്ശേരി പൊലീസിന്റെ പിടിയിൽ  വൻ വ്യാജരേഖാ റാക്കറ്റ് കുടുങ്ങി ; 500-ലേറെ വ്യാജ ആധാർ കാർഡുകളും 50-ലേറെ വ്യാജ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി"
english_title: "Thalassery Fake Document Drug Mafia Busted 500 Aadhaar Cards Seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376824/thalassery-fake-document-drug-mafia-busted-500-aadhaar-cards-seized"
published_at: "2026-08-05T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a730658adc74_thalassery-fake-document-drug-mafia-arrested.jpg"
keywords: ["Thalassery", "Fake Documents", "Drug Mafia", "Aadhaar", "MDMA", "Arrest"]
---

# ഓപ്പറേഷൻ തൂഫാന് പിന്നാലെ പോയ തലശ്ശേരി പൊലീസിന്റെ പിടിയിൽ  വൻ വ്യാജരേഖാ റാക്കറ്റ് കുടുങ്ങി ; 500-ലേറെ വ്യാജ ആധാർ കാർഡുകളും 50-ലേറെ വ്യാജ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി

> **Lead Summary:** തലശ്ശേരി:വ്യാജരേഖകൾ വ്യാപകമായി നിർമ്മിച്ച് ലഹരി കടത്തിനും സാമ്പത്തിക തട്ടിപ്പുകൾക്കും ഉപയോഗിച്ചിരുന്ന സംഘത്തെ തലശ്ശേരി പൊലീസ് പിടികൂടി. തലശേരി എ.എസ്.പി നന്ദഗോപനും സംഘവുമാണ് സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച സംഭവത്തിലെ പ്രതികളെ പിടികൂടിയത്. കേസിൽ കാസർകോട് സ്വദേശി അബ്ദുൾറഹ്മാനും എറണാകുളം സ്വദേശി റിഷാദും അറസ്റ്റിലായി.

## Article Content

തലശ്ശേരി:വ്യാജരേഖകൾ വ്യാപകമായി നിർമ്മിച്ച് ലഹരി കടത്തിനും സാമ്പത്തിക തട്ടിപ്പുകൾക്കും ഉപയോഗിച്ചിരുന്ന സംഘത്തെ തലശ്ശേരി പൊലീസ് പിടികൂടി. തലശേരി എ.എസ്.പി നന്ദഗോപനും സംഘവുമാണ് സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച സംഭവത്തിലെ പ്രതികളെ പിടികൂടിയത്. കേസിൽ കാസർകോട് സ്വദേശി അബ്ദുൾറഹ്മാനും എറണാകുളം സ്വദേശി റിഷാദും അറസ്റ്റിലായി.

പ്രതികളിൽ നടത്തിയ പരിശോധനയിൽ 500-ലേറെ വ്യാജ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കൂടാതെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തുറന്ന 50-ലേറെ ബാങ്ക് അക്കൗണ്ടുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ലഹരി ഇടപാടുകളിൽ യഥാർത്ഥ വ്യക്തിത്വം മറച്ചുവെക്കാനും പണമിടപാടുകൾ നിയമവിരുദ്ധമായി നടത്താനുമാണ് പ്രതികൾ ഈ വ്യാജരേഖകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന സംഘത്തിന് വ്യാപകമായ ബന്ധങ്ങളുണ്ടെന്ന സംശയവും പൊലീസിനുണ്ട്.

എം.ഡി.എം.എ. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ വൻ റാക്കറ്റിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ രഹസ്യാന്വേഷണവും പരിശോധനകളും പ്രതികളെ കുടുക്കാൻ സഹായിക്കുകയായിരുന്നു.

പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണ്. വ്യാജരേഖകൾ എവിടെയാണ് നിർമ്മിച്ചതെന്നും അവ ആരൊക്കെയാണ് ഉപയോഗിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തുള്ള സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇത് കേവലം വ്യാജരേഖ നിർമാണ കേസല്ലെന്നും, ലഹരി കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സൈബർ തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വൻ ശൃംഖലയാകാമെന്നുമാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതിനാൽ അന്വേഷണം കൂടുതൽ പേരിലേക്കും വിവിധ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376824/thalassery-fake-document-drug-mafia-busted-500-aadhaar-cards-seized)