---
title: "രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിനായി തിരച്ചിൽ തുടരുന്നു; ബന്ധുക്കൾക്ക് അതൃപ്തി"
english_title: "Kannur Flood Rescue Rajesh Missing Search Continues Day 3"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376511/kannur-flood-rescue-rajesh-missing-search-continues-day-3"
published_at: "2026-08-04T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717f411e1fd_kannur-flood-rescue-rajesh-missing-search.jpg"
keywords: ["Kannur", "Rajesh Missing", "Flood Rescue", "Karyangode River", "Meenthulli"]
---

# രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിനായി തിരച്ചിൽ തുടരുന്നു; ബന്ധുക്കൾക്ക് അതൃപ്തി

> **Lead Summary:** കണ്ണൂർ: മഴ കലിതുള്ളുന്ന നാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി ആർ. രാജേഷിനെ ദിവസങ്ങൾ പിന്നിട്ടും കണ്ടെത്താനായിട്ടില്ല.

## Article Content

കണ്ണൂർ: മഴ കലിതുള്ളുന്ന നാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള സ്വദേശി ആർ. രാജേഷിനെ ദിവസങ്ങൾ പിന്നിട്ടും കണ്ടെത്താനായിട്ടില്ല.

ശനിയാഴ്ച രാവിലെ മുതൽ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനായി കൂട്ടുകാർക്കൊപ്പമാണ് രാജേഷ് എത്തിയത്. മീന്തുള്ളി തുരുത്തിൽ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി തിരിച്ച് പുഴ കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തിയാണ് ബെന്നിയെ രക്ഷിക്കാൻ തുരുത്തിലെത്തിയത്. രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി. തിരിച്ച് പുഴ കടക്കുന്നതിനിടെ കയറിൽ നിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.

മീന്തുള്ളിയിലും കൊല്ലാടപ്പുഴയിലും വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. പെരിങ്ങോം അഗ്നിരക്ഷാസേന, പോലീസ്, സിവിൽ ഡിഫൻസ് വളന്റിയർമാർ, റിവർ റാഫ്റ്റിംഗ് ടീം, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

തിരച്ചിലിൽ വേണ്ടത്ര വേഗതയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മീന്തുള്ളിപ്പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മാറി അമ്പിളിപ്പാലത്ത് രാജേഷിനെ കണ്ടതായി രണ്ട് സ്ത്രീകൾ പറഞ്ഞതായും ബന്ധുക്കൾ അറിയിച്ചു.

കാക്കാമല കായൽ നീന്തിക്കയറിയ പരിചയമുള്ള രാജേഷിന് മീന്തുള്ളിപ്പുഴ നിസാരമാണെന്നാണ് കുടുംബം പറയുന്നത്. സർക്കാർതലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും പരാതി പറയാൻ വിളിച്ചപ്പോൾ സ്ഥലം എം.എൽ.എയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.രാജേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376511/kannur-flood-rescue-rajesh-missing-search-continues-day-3)