---
title: "ഇങ്ങനെയാവണം പ്രസിഡന്റ്..!; കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട ചൊക്ലി പഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം"
english_title: "Chokli Panchayat President Anoop Resolves Waterlogging Within Hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376462/chokli-panchayat-president-anoop-resolves-waterlogging-within-hours"
published_at: "2026-08-04T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71527120abd_chokli-panchayat-anoop-waterlogging.jpg"
keywords: []
---

# ഇങ്ങനെയാവണം പ്രസിഡന്റ്..!; കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട ചൊക്ലി പഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം

> **Lead Summary:** ചൊക്ലി:കനത്ത മഴയെ തുടർന്ന് ചൊക്ലി ഗ്രാമപഞ്ചായത്തിലെ മേനപ്രം–പെട്ടിപ്പാലം, ഒളവിലം മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട സാഹചര്യത്തിൽ അടിയന്തര ഇടപെടലിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഒരുക്കി പഞ്ചായത്ത് ഭരണസമിതി. സമയോചിതമായ ഇടപെടലിന് നേതൃത്വം നൽകിയ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിനെ നാട്ടുകാർ അഭിനന്ദിക്കുകയാണ്.

## Article Content

ചൊക്ലി:കനത്ത മഴയെ തുടർന്ന് ചൊക്ലി ഗ്രാമപഞ്ചായത്തിലെ മേനപ്രം–പെട്ടിപ്പാലം, ഒളവിലം മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട സാഹചര്യത്തിൽ അടിയന്തര ഇടപെടലിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഒരുക്കി പഞ്ചായത്ത് ഭരണസമിതി. സമയോചിതമായ ഇടപെടലിന് നേതൃത്വം നൽകിയ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിനെ നാട്ടുകാർ അഭിനന്ദിക്കുകയാണ്.

ഒളവിലം മേഖലയിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും ജലനിയന്ത്രണം ഉറപ്പാക്കുന്നതിനുമായി നിർമ്മിച്ചുവരുന്ന പാത്തിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി പുഴയുടെ ഒരു ഭാഗം മണ്ണിട്ട് നികത്തിയിരുന്നു.

ഇതിനെ തുടർന്നാണ് ശക്തമായ മഴയിൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും മേനപ്രം–പെട്ടിപ്പാലം, ഒളവിലം മേഖലകളിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തത്. പ്രദേശവാസികൾക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകളാണ് ഇതുമൂലം നേരിടേണ്ടിവന്നത്.

പ്രശ്നത്തിന്റെ ഗൗരവം നേരിട്ട് വിലയിരുത്തിയ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ നിർദ്ദേശപ്രകാരം അടിയന്തര നടപടി സ്വീകരിച്ചു. ജെ.സി.ബി ഉപയോഗിച്ച് പുഴയിൽ നിക്ഷേപിച്ചിരുന്ന മണ്ണ് നീക്കം ചെയ്ത് ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുകയായിരുന്നു.

മണിക്കൂറുകൾക്കകം നടത്തിയ പ്രവർത്തനത്തിന്റെ ഫലമായി വെള്ളം അതിവേഗം ഒഴുകിപ്പോകുകയും പ്രദേശത്തെ വെള്ളക്കെട്ട് പൂർണമായും മാറുകയും ചെയ്തു. മഴക്കാലത്ത് ജനങ്ങളുടെ സുരക്ഷയും സഞ്ചാരസൗകര്യവും ഉറപ്പാക്കാൻ ഇത്തരത്തിലുള്ള ഇടപെടലുകൾ മാതൃകാപരമാണെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376462/chokli-panchayat-president-anoop-resolves-waterlogging-within-hours)