---
title: "പ്രാർത്ഥന വിഫലം ;   വളയത്ത് ഉമ്മ ഓടിച്ച സ്‌കൂട്ടർ ബസിനടിയിൽപ്പെട്ട് പരിക്കേറ്റ മൂന്നാം  ക്ലാസുകാരി മരിച്ചു"
english_title: "Valayam Accident Girl Fatima Mohammed Dies Bus Scooter Collision"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376427/valayam-accident-girl-fatima-mohammed-dies-bus-scooter-collision"
published_at: "2026-08-03T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70ab6e430f2_Untitled-5_copy.jpg"
keywords: []
---

# പ്രാർത്ഥന വിഫലം ;   വളയത്ത് ഉമ്മ ഓടിച്ച സ്‌കൂട്ടർ ബസിനടിയിൽപ്പെട്ട് പരിക്കേറ്റ മൂന്നാം  ക്ലാസുകാരി മരിച്ചു

> **Lead Summary:** വളയം: ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി വിദ്യാർത്ഥിനി മരിച്ചു.

## Article Content

വളയം: ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി വിദ്യാർത്ഥിനി മരിച്ചു.

വളയം കുയ്തേരി കൊയോലിന്റെ വീട്ടിലെ മുഹമ്മദിന്റെ മകൾ ഫാത്തിമ മുഹമ്മദ് (8) ആണ് മരിച്ചത്. കുയ്തേരി സഹ്റ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

വളയം-കുറുവന്തേരി റോഡിലെ വണ്ണാർകണ്ടി ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 3.20-നാണ് അപകടം നടന്നത്. ഉമ്മ സൽമയ്ക്കും മറ്റ് രണ്ട് കുട്ടികൾക്കുമൊപ്പം സ്കൂട്ടറിൽ കുയ്തേരിയിലെ വീട്ടിൽ നിന്ന് ഉമ്മയുടെ വീടായ താനക്കോട്ടൂരിലെ കോമത്ത് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

റോഡിലെ വെള്ളക്കെട്ട് കാരണം സ്കൂട്ടർ റോഡിന്റെ വലതുവശത്തുകൂടി എടുത്തപ്പോൾ എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ ബസിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് പോകുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ നാട്ടുകാരും പോലീസും ചേർന്ന് വളയം ഗവ. ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആംബുലൻസിൽ തലശ്ശേരി ജില്ലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.അപകടത്തിൽ ഉമ്മ സൽമയ്ക്കും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

ഫാത്തിമയുടെ മൃതദേഹം തലശ്ശേരി ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376427/valayam-accident-girl-fatima-mohammed-dies-bus-scooter-collision)