---
title: "കരിങ്കൽ മതിൽ വീണ് പൊതുടാപ്പുകൾ തകർന്നു ; മാഹി എംഎൽഎ മണ്ടപറമ്പ് സന്ദർശിച്ചു   "
english_title: "Mahe MLA Mandaparam Stone Wall Collapse Public Taps Damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376333/mahe-mla-mandaparam-stone-wall-collapse-public-taps-damaged"
published_at: "2026-08-03T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a703de72c8e8_Untitled-4_copy.jpg"
keywords: ["Mahe", "Mandaparam", "MLA Visit", "Water Supply", "Stone Wall Collapse", "Kerala Rain"]
---

# കരിങ്കൽ മതിൽ വീണ് പൊതുടാപ്പുകൾ തകർന്നു ; മാഹി എംഎൽഎ മണ്ടപറമ്പ് സന്ദർശിച്ചു   

> **Lead Summary:** മാഹി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കരിങ്കൽ മതിൽ ഇടിഞ്ഞുവീണ് ചാലക്കര മണ്ടപ്പറമ്പത്തെ പൊതു കുടിവെള്ള ടാപ്പുകൾ തകർന്നു. സംഭവമറിഞ്ഞ് മാഹി എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

## Article Content

മാഹി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കരിങ്കൽ മതിൽ ഇടിഞ്ഞുവീണ് ചാലക്കര മണ്ടപ്പറമ്പത്തെ പൊതു കുടിവെള്ള ടാപ്പുകൾ തകർന്നു. സംഭവമറിഞ്ഞ് മാഹി എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മണ്ടപ്പറമ്പിലെ നിവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുടാപ്പുകളാണ് മതിൽ ഇടിഞ്ഞുവീണ് തകർന്നത്. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി.

കുടിവെള്ള വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് എംഎൽഎ നിർദേശം നൽകി.

സ്ഥലം സന്ദർശിച്ച എംഎൽഎ നിവാസികളുമായി സംസാരിച്ചു. അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അദ്ദേഹം നിവാസികളെ അറിയിച്ചു.

പ്രദേശത്തെ പ്രവേശന വഴികൾ മഴയിൽ താറുമാറായിട്ടുണ്ട്. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകി.

നിവാസികൾ ഉന്നയിക്കുന്ന എല്ലാ ആശങ്കകളും ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നും, സമീപ ഭാവിയിൽ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താൻ കൂടെയുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376333/mahe-mla-mandaparam-stone-wall-collapse-public-taps-damaged)