---
title: "കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു; കണ്ണൂരിൽ ലക്ഷങ്ങളുടെ നഷ്ടം"
english_title: "Kannur Heavy Rain 6300 Chickens Die Poultry Farm Flood Loss"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376321/kannur-heavy-rain-6300-chickens-die-poultry-farm-flood-loss"
published_at: "2026-08-03T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70343e72b4d_kannur-heavy-rain-poultry-farm-6300.jpg"
keywords: ["Kannur Rain", "Poultry Farm Loss", "Cherupuzha", "Kudumbashree", "Kerala Flood"]
---

# കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു; കണ്ണൂരിൽ ലക്ഷങ്ങളുടെ നഷ്ടം

> **Lead Summary:** കണ്ണൂർ: കനത്ത മഴയെ തുടർന്ന് ചെറുപുഴയ്ക്ക് സമീപം കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് സംരംഭകയ്ക്ക് സംഭവിച്ചത്.

## Article Content

കണ്ണൂർ: കനത്ത മഴയെ തുടർന്ന് ചെറുപുഴയ്ക്ക് സമീപം കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് സംരംഭകയ്ക്ക് സംഭവിച്ചത്.

> ചെറുപുഴ മീൻതുള്ളി സ്വദേശി സൂര്യ പി.ആർ നടത്തുന്ന "സൂര്യ കേരള ചിക്കൻ" ഫാമിലാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഫാമിലേക്ക് വെള്ളം കയറുകയായിരുന്നു. വെള്ളത്തിൽ കുടുങ്ങിയ 6300 കോഴികൾ ശ്വാസംമുട്ടി ചത്തു. ഫാമിൽ സൂക്ഷിച്ചിരുന്ന 39 ചാക്ക് കോഴിത്തീറ്റയും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി.

കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി, പൂർണ വളർച്ചയെത്തിയ ശേഷം തിരികെ കുടുംബശ്രീയ്ക്ക് നൽകുന്ന വ്യവസ്ഥയിലായിരുന്നു ഫാം പ്രവർത്തിച്ചിരുന്നത്. വിൽപനയ്ക്ക് തയാറായ കോഴികളാണ് നഷ്ടമായത്. പുതായി തുടങ്ങിയ സംരംഭം ഇതോടെ വലിയ പ്രതിസന്ധിയിലായി.

സംഭവം അറിഞ്ഞ് ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടർ സ്വാതി. എസ് എന്നിവരടങ്ങിയ സംഘം ഫാം സന്ദർശിച്ചു. നഷ്ടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു. സംരംഭകയ്ക്ക് സർക്കാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുടുംബശ്രീ അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി 

മഴക്കെടുതിയിൽ കർഷകരും ചെറുകിട സംരംഭകരും കടുത്ത നഷ്ടത്തിലാണ്. ഫാമുകൾക്ക് ചുറ്റും വെള്ളം ഒഴുകിപ്പോകാനുള്ള മതിയായ സംവിധാനം ഇല്ലാത്തതാണ് നഷ്ടം കൂട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫാമുകൾക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376321/kannur-heavy-rain-6300-chickens-die-poultry-farm-flood-loss)