---
title: "പെരിങ്ങത്തൂർ പുഴയിലെ ജലനിരപ്പ് ഉയർന്നു തന്നെ ; തീരദേശ റോഡിൽ കരയിടിച്ചിൽ"
english_title: "Peringathur River Water Level Rises Flood Alert Coastal Road Erosion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376262/peringathur-river-water-level-rises-flood-alert-coastal-road-erosion"
published_at: "2026-08-03T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ff469393b6_peringathur-river-water-level-rises-coastal-road.jpg"
keywords: []
---

# പെരിങ്ങത്തൂർ പുഴയിലെ ജലനിരപ്പ് ഉയർന്നു തന്നെ ; തീരദേശ റോഡിൽ കരയിടിച്ചിൽ

> **Lead Summary:** പാനൂർ: കനത്ത മഴ തുടരുന്നതോടെ പെരിങ്ങത്തൂർ പുഴയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. ഇതോടെ പുഴയോര പ്രദേശങ്ങളിൽ പ്രളയ ഭീതി വർധിച്ചു.

## Article Content

പാനൂർ: കനത്ത മഴ തുടരുന്നതോടെ പെരിങ്ങത്തൂർ പുഴയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. ഇതോടെ പുഴയോര പ്രദേശങ്ങളിൽ പ്രളയ ഭീതി വർധിച്ചു.

പെരിങ്ങത്തൂർ നാലുതെങ്ങ് തീരദേശ റോഡിൽ ശക്തമായ കരയിടിച്ചിലുണ്ടായി. ഖത്തറിലെ പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ ഒ.പി സഹീറിന്റെ വീടിന് മുന്നിലാണ് ഗുരുതരമായ കരയിടിച്ചിൽ സംഭവിച്ചത്. ഇതേ തുടർന്ന് റോഡിലെ വാഹന ഗതാഗതവും കാൽനട യാത്രയും താൽക്കാലികമായി നിരോധിച്ചു.

സംഭവ സ്ഥലം പി.കെ പ്രവീൺ എം.എൽ.എ, പാനൂർ നഗരസഭ ചെയർമാൻ നൗഷത്ത് കൂടത്തിൽ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ബോട്ട് ജെട്ടികൾ വെള്ളത്തിനടിയിലായി. പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിലേക്കും കടവത്തൂർ ടൗണിലേക്കും വെള്ളം കയറി. പെരിങ്ങത്തൂർ ഒലിപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി.

പുഴയിലൂടെ ഒഴുകിയെത്തുന്ന ശക്തമായ മലവെള്ളപ്പാച്ചിൽ ഗതാഗതത്തെയും മത്സ്യബന്ധനത്തെയും സാരമായി ബാധിച്ചു. മലയോര മേഖലകളിൽ മഴ തുടരുന്നതിനാൽ വിങ്ങാട് പുഴയും അതിശക്തമായി ഒഴുകുകയാണ്.

ഇതിന്റെ പശ്ചാത്തലത്തിൽ പെരിങ്ങത്തൂർ പുഴയോരത്ത് താമസിക്കുന്നവർക്കും താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുഴയിൽ ഇറങ്ങുന്നതിനും മത്സ്യബന്ധനത്തിനും അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376262/peringathur-river-water-level-rises-flood-alert-coastal-road-erosion)