---
title: "പാനൂരിലെ ആദിത്യയുടെ മരണം ; മനേക്കരയിലെ യുവാവിന്റെ ജാമ്യഹരജി വീണ്ടും തള്ളി"
english_title: "Panur Adithya Death Case Bail Plea Of Accused Saran Rejected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376067/panur-adithya-death-case-bail-plea-of-accused-saran-rejected"
published_at: "2026-08-01T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e19c7cfb9d_6a351bda090fa_1001287306.jpg"
keywords: []
---

# പാനൂരിലെ ആദിത്യയുടെ മരണം ; മനേക്കരയിലെ യുവാവിന്റെ ജാമ്യഹരജി വീണ്ടും തള്ളി

> **Lead Summary:** മനേക്കര: കണ്ണൂർ യൂനിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന പാനൂർ വള്ളങ്ങാട്ടെ ആദിത്യയുടെ മരണക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന മനേക്കര സ്വദേശിയുടെ ജാമ്യഹരജി വീണ്ടും തള്ളി.

## Article Content

മനേക്കര: കണ്ണൂർ യൂനിവേഴ്സിറ്റി ജീവനക്കാരിയായിരുന്ന പാനൂർ വള്ളങ്ങാട്ടെ ആദിത്യയുടെ മരണക്കേസിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന മനേക്കര സ്വദേശിയുടെ ജാമ്യഹരജി വീണ്ടും തള്ളി.

ആദിത്യ (28) മരണപ്പെട്ട കേസിലെ പ്രതിയായ സരൺ (30) നൽകിയ ജാമ്യഹരജിയാണ് ജില്ലാ സെഷൻസ് ജഡ്ജ് എം.മനോജ് തള്ളിയത്. നേരത്തെ നൽകിയ ജാമ്യഹരജിയും കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പ്രതി വീണ്ടും ജാമ്യത്തിനായി ഹരജി നൽകിയത്.

കഴിഞ്ഞ ജൂൺ 8ന് വൈകുന്നേരം തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് പ്രതി ആദിത്യയെ തല്ലിയിരുന്നു. ഇതിൽ ഉണ്ടായ മനോവിഷമം കാരണമാണ് ആദിത്യ മരിക്കാനിടയായതെന്നാണ് പരാതി. സംഭവത്തിൽ പാനൂർ പോലീസാണ് കേസെടുത്തത്.

പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ കോടതിയിൽ ഹാജരായി. പ്രതിക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.വാദങ്ങൾ പരിഗണിച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടർ അന്വേഷണങ്ങൾ പാനൂർ പോലീസ് പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376067/panur-adithya-death-case-bail-plea-of-accused-saran-rejected)