---
title: "മൊകേരിയിൽ ബിജെപി പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് ; 5 സി പി എം പ്രവർത്തകർ കുറ്റക്കാർ, ശിക്ഷ മറ്റന്നാൾ"
english_title: "Mokeri BJP Workers Attack Case 5 CPM Workers Found Guilty"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376044/mokeri-bjp-workers-attack-case-5-cpm-workers-found-guilty"
published_at: "2026-08-01T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55e49b93b18_thalassery-mact-court-rs-33-lakh-compensation-student.jpg"
keywords: ["Mokeri", "Kannur", "BJP", "CPM", "Attack Case", "Court Verdict"]
---

# മൊകേരിയിൽ ബിജെപി പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് ; 5 സി പി എം പ്രവർത്തകർ കുറ്റക്കാർ, ശിക്ഷ മറ്റന്നാൾ

> **Lead Summary:** മൊകേരി: മൊകേരി പാത്തിപ്പാലം മൃഗാശുപത്രിക്കു സമീപം വീട്ടിൽ അതിക്രമിച്ചു കയറി ബിജെപി പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 സിപിഎം പ്രവർത്തകരെ കോടതി കുറ്റക്കാരായി കണ്ടെത്തി.

## Article Content

മൊകേരി: മൊകേരി പാത്തിപ്പാലം മൃഗാശുപത്രിക്കു സമീപം വീട്ടിൽ അതിക്രമിച്ചു കയറി ബിജെപി പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5 സിപിഎം പ്രവർത്തകരെ കോടതി കുറ്റക്കാരായി കണ്ടെത്തി.

കുന്നോത്തുവീട്ടിൽ റിജിൻ, സഹോദരൻ റിജേഷ് എന്നിവരെ രാഷ്ട്രീയവിരോധത്താൽ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലാണ് വിധി. മറ്റന്നാൾ അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിക്കും.

സിപിഎം പ്രവർത്തകരായ മുത്താറിപ്പീടിക കുറ്റ്യാട്ടൂർ വീട്ടിൽ കെ.ദിബിൻ (36), കല്ലുവച്ചപറമ്പത്ത് കെ.ഷെറിൻ (36), പാത്തിപ്പാലം നടേമ്മൽ ഹൗസിൽ എൻ.കെ.നിഗിൽ (32), കൂരാറ കടേപ്രം പൊയിൽ ഹൗസിൽ പി.ഷാജിത്ത് (40), പൂക്കണ്ടിപ്പറമ്പത്ത് പി.കെ.സൂരജ് (39) എന്നിവരെയാണ് അഡീഷനൽ സെഷൻസ് കോടതി 4 ജഡ്ജി കെ.രാജേഷ് കുറ്റക്കാരായി കണ്ടെത്തിയത്. വിധി പ്രസ്താവിച്ച ഉടൻ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

2018 ഫെബ്രുവരി 11ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം. വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന റിജിനെയും റിജേഷിനെയും പ്രതികൾ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് ഇരുവർക്കും ഗുരുതര പരുക്കേറ്റു.

കേസ് അന്വേഷിച്ചത് അന്നത്തെ പാനൂർ സിഐ വി.വി.ബെന്നിയാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.രേഷ്മയും പരുക്കേറ്റ റിജിനും റിജേഷിനും വേണ്ടി അഡ്വ. പി.പ്രേമരാജനും ഹാജരായി.

രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ചാണ് കോടതി 5 പേരെയും കുറ്റക്കാരായി കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376044/mokeri-bjp-workers-attack-case-5-cpm-workers-found-guilty)