---
title: "ഓട്ടോയിൽ വന്നതിന് വിരോധം; ഭാര്യയുടെ ബന്ധുക്കളെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച യുവാവ് ആലക്കോട് പിടിയിൽ"
english_title: "Kannur Man Arrested For Attacking Wife's Family With Iron Rod After Auto Dispute"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375829/kannur-man-arrested-for-attacking-wifes-family-with-iron-rod-after-auto-dispute"
published_at: "2026-07-31T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6cb98c546cf_alakode-sharath-babu-arrested-attack-wife.jpg"
keywords: []
---

# ഓട്ടോയിൽ വന്നതിന് വിരോധം; ഭാര്യയുടെ ബന്ധുക്കളെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച യുവാവ് ആലക്കോട് പിടിയിൽ

> **Lead Summary:** കണ്ണൂർ: ഓട്ടോയിൽ വന്നതിലെ വിരോധം. അതിന് ഭാര്യയുടെ ബന്ധുക്കളെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ യുവാവിനെ ആലക്കോട് പോലീസ് സാഹസികമായി പിടികൂടി.

## Article Content

കണ്ണൂർ: ഓട്ടോയിൽ വന്നതിലെ വിരോധം. അതിന് ഭാര്യയുടെ ബന്ധുക്കളെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ യുവാവിനെ ആലക്കോട് പോലീസ് സാഹസികമായി പിടികൂടി.

മണക്കടവ് ചീക്കാട് പ്ലാത്തറ സ്വദേശി ശരത്ത് ബാബു (36) ആണ് അറസ്റ്റിലായത്. ആലക്കോട് എസ്.ഐ. കെ.വി. രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.ജൂലൈ 27ന് വൈകുന്നേരം 5.30-ന് ചീക്കാട് 68ലെ വീടിനടുത്ത് വെച്ചായിരുന്നു ആക്രമണം.

ഭാര്യാ പിതാവ് ഒളവത്തൂർ ഉദയൻ (58), ഉദയന്റെ ഭാര്യ സുശീല (52), മകന്റെ ഭാര്യ ശരണ്യ (28) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

വീട്ടിൽ നിന്ന് ടൗണിലേക്ക് പോയ സുശീലയും ശരണ്യയും തിരികെ വരുമ്പോൾ ശരത്ത് ബാബുവിന്റെ വാഹനത്തിൽ കയറാതെ ഓട്ടോയിൽ വന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതിന്റെ വിരോധത്തിൽ ഇരുവരെയും ശരത്ത് ബാബു ആക്രമിച്ചു.

ഇത് തടയാൻ ഇടപെട്ട ഉദയനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയും ഓമ്നി വാനിന്റെ ടയർ കൊണ്ട് എറിയുകയും ചെയ്തു. മൂവർക്കും പരിക്കേറ്റു.

സംഭവത്തിൽ ഉദയന്റെ പരാതിയിൽ ശരത്ത് ബാബുവിനെതിരെ വധശ്രമത്തിന് ആലക്കോട് പോലീസ് കേസെടുത്തു. കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി.

കൊട്ടയാട് കൂളാമ്പിതറയിലെ സുഹൃത്തിന്റെ വീട്ടിൽ ശരത്ത് ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷം അവിടെയെത്തി. പോലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് പിന്തുടർന്ന് ഓടിച്ചിട്ടാണ് പിടികൂടിയത്.

കാപ്പ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ശരത്ത് ബാബു. അറസ്റ്റിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ. മുനീർ, സീനിയർ സി.പി.ഒമാരായ ജാബിർ, സുരേഷ് കുമാർ എന്നിവരും അറസ്റ്റ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375829/kannur-man-arrested-for-attacking-wifes-family-with-iron-rod-after-auto-dispute)