---
title: "ബൈക്ക് യാത്രക്കാരനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി ഭീഷണിപ്പെടുത്തി കൊള്ള; മൂന്ന് പേർ കണ്ണൂരിൽ പിടിയിൽ"
english_title: "Three Arrested In Kannur For Robbing Biker At Knifepoint Using Screwdriver  SEO Description ( Malayalam only):  "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375808/three-arrested-in-kannur-for-robbing-biker-at-knifepoint-using-screwdriver-seo-description-malayalam-only"
published_at: "2026-07-31T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c94a59d02e_kannur-bike-robbery-screwdriver-arrest-three.jpg"
keywords: []
---

# ബൈക്ക് യാത്രക്കാരനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തി ഭീഷണിപ്പെടുത്തി കൊള്ള; മൂന്ന് പേർ കണ്ണൂരിൽ പിടിയിൽ

> **Lead Summary:** കണ്ണൂർ: രാത്രി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് സ്ക്രൂ ഡ്രൈവർ കൊണ്ട് കഴുത്തിൽ കുത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും എടിഎം കാർഡും കവർന്ന മൂന്നംഗ സംഘത്തെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ: രാത്രി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് സ്ക്രൂ ഡ്രൈവർ കൊണ്ട് കഴുത്തിൽ കുത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും എടിഎം കാർഡും കവർന്ന മൂന്നംഗ സംഘത്തെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

കക്കാട് കുഞ്ഞിപ്പള്ളിയിലെ കെ.എ. നിയാസുദ്ദീൻ (43), കോഴിക്കോട് കൂടരഞ്ഞി ഓണംതൊടിയിൽ ഹൗസിൽ ബിനോയ് (42), കോഴിക്കോട് മൊകേരി നെരുവമ്മൽഹൗസിൽ അനീഷ് (44) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ. ടി.എം. വിപിനും സംഘവും പിടികൂടിയത്.

ജൂലൈ 29 ബുധനാഴ്ച രാത്രി 10.20-ന് കണ്ണൂർ പാറക്കണ്ടിയിൽ വെച്ചായിരുന്നു സംഭവം. താണ വൈത്തിലപ്പള്ളി വയലിലെ സുബൈദാസിൽ സി.എച്ച്. താരിഖ് (47) ആണ് കൊള്ളയ്ക്ക് ഇരയായത്.

മുഖംമൂടി ധരിച്ചെത്തിയ സംഘം താരിഖിനെ തടഞ്ഞുനിർത്തി സ്ക്രൂ ഡ്രൈവർ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പേഴ്സിലുണ്ടായിരുന്ന 7000 രൂപയും സാംസങ് മൊബൈൽ ഫോണും എടിഎം കാർഡും പിടിച്ചുപറിച്ചു കൊണ്ടുപോയി.

കവർന്ന എടിഎം കാർഡ് ഉപയോഗിച്ച് ഗൂഗിൾ പേ വഴി 20,000 രൂപ കൂടി ഇവർ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ആകെ 27,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

സംഭവത്തിൽ താരിഖ് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ സമാനമായ മറ്റ് കുറ്റങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375808/three-arrested-in-kannur-for-robbing-biker-at-knifepoint-using-screwdriver-seo-description-malayalam-only)