---
title: "രാത്രി 7 കഴിഞ്ഞാൽ കൂറ്റാക്കൂരിരുട്ടിൽ പാനൂർ ബസ് സ്റ്റാൻഡ് ; യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ദുരിതം, സുരക്ഷാ ഭീഷണിയും ശക്തം"
english_title: "Panur Bus Stand In Darkness After 7 PM Passengers And Staff Face Safety Issues"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375795/panur-bus-stand-in-darkness-after-7-pm-passengers-and-staff-face-safety-issues"
published_at: "2026-07-31T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c8440d8083_Untitled-9_copy.jpg"
keywords: ["Panur Bus Stand", "Street Light", "Safety", "Kerala Transport", "Night Travel", "Municipal Council  ---"]
---

# രാത്രി 7 കഴിഞ്ഞാൽ കൂറ്റാക്കൂരിരുട്ടിൽ പാനൂർ ബസ് സ്റ്റാൻഡ് ; യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ദുരിതം, സുരക്ഷാ ഭീഷണിയും ശക്തം

> **Lead Summary:** പാനൂർ: രാത്രി 7 മണി കഴിഞ്ഞാൽ പാനൂർ ബസ് സ്റ്റാൻഡ് കൂറ്റാക്കൂരിരുട്ടിലാകുന്നത് യാത്രക്കാരെയും ബസ് ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. ദിവസേന ഏകദേശം 68 ഓളം ബസുകൾ സർവീസ് നടത്തുന്ന, ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ബസ് സ്റ്റാൻഡിലാണ് മതിയായ വെളിച്ചമില്ലാത്തതിനാൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

## Article Content

പാനൂർ: രാത്രി 7 മണി കഴിഞ്ഞാൽ പാനൂർ ബസ് സ്റ്റാൻഡ് കൂറ്റാക്കൂരിരുട്ടിലാകുന്നത് യാത്രക്കാരെയും ബസ് ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. ദിവസേന ഏകദേശം 68 ഓളം ബസുകൾ സർവീസ് നടത്തുന്ന, ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന ബസ് സ്റ്റാൻഡിലാണ് മതിയായ വെളിച്ചമില്ലാത്തതിനാൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പൂർണമായും പ്രവർത്തനക്ഷമമല്ല. നിരവധി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഒരു ബൾബ് മാത്രമാണ് കത്തുന്നത്.

ഇതുമൂലം ബസ് സ്റ്റാൻഡിന്റെ ഭൂരിഭാഗവും രാത്രിയിൽ കനത്ത ഇരുട്ടിലാണ്. യാത്രക്കാർ ബസിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് സ്ത്രീകൾ, വിദ്യാർത്ഥികൾ, പ്രായമായവർ, കുട്ടികളുമായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് രാത്രികാല യാത്ര വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

രാത്രി 8 മണിക്ക് ശേഷം ബസ് സ്റ്റാൻഡിലേക്ക് സ്ഥിരം സർവീസ് ബസുകൾ പോലും കയറാൻ മടിക്കുന്ന അവസ്ഥയാണുള്ളത്. പിന്നീട് സ്റ്റാൻഡിനുള്ളിൽ രാത്രി പാർക്ക് ചെയ്യുന്ന ബസുകൾ മാത്രമാണ് പ്രവേശിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതിനാൽ ബസ് സ്റ്റാൻഡിനുള്ളിലെ വ്യാപാര സ്ഥാപനങ്ങളും രാത്രി 8 മണിയോടെ കടകൾ അടച്ചുപൂട്ടുകയാണ്.

ഇതോടെ ബസ് സ്റ്റാൻഡ് പൂർണമായും വിജനമാവുകയും സാമൂഹ്യവിരുദ്ധരുടെ ശല്യത്തിനും മറ്റ് സുരക്ഷാ പ്രശ്നങ്ങൾക്കും സാധ്യത വർധിക്കുകയും ചെയ്യുന്നു.

ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളും രാത്രിയിൽ സ്റ്റാൻഡിനുള്ളിൽ നിർത്താതെ സമീപത്തെ റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്യുകയാണ്. സ്റ്റാൻഡിനുള്ളിലെ വെളിച്ചക്കുറവും സുരക്ഷാ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഓട്ടോ തൊഴിലാളികൾ ഈ തീരുമാനമെടുത്തത്. യാത്രക്കാരെ കാത്തുനിൽക്കുന്ന ഡ്രൈവർമാർക്കും രാത്രികാലത്ത് സുരക്ഷിതമായി സേവനം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.

രാത്രിയിൽ ബസുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുമ്പോൾ സ്ഥിതി കൂടുതൽ ദയനീയമാണെന്ന് ബസ് ജീവനക്കാർ പറയുന്നു. ടയർ മാറ്റൽ ഉൾപ്പെടെയുള്ള അത്യാവശ്യ ജോലികൾ പോലും മൊബൈൽ ഫോണിന്റെ ടോർച്ചോ മെഴുകുതിരിയുടെ വെളിച്ചമോ ഉപയോഗിച്ചാണ് ചെയ്യേണ്ടിവരുന്നതെന്ന് ബസ് ജീവനക്കാരനായ സുധിനീഷ് പറഞ്ഞു. മതിയായ വെളിച്ചമില്ലാത്തത് ജീവനക്കാരുടെ സുരക്ഷയെയും ജോലിയുടെ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെളിച്ചക്കുറവിനൊപ്പം ബസ് സ്റ്റാൻഡിൽ തെരുവുനായ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ കൂട്ടമായി അലഞ്ഞുതിരിയുന്ന തെരുവുനായകൾ യാത്രക്കാരിൽ, പ്രത്യേകിച്ച് സ്ത്രീകളിലും കുട്ടികളിലും മുതിർന്നവരിലും ഭീതി സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. വൈകി എത്തുന്ന യാത്രക്കാർക്കും അവസാന ബസുകൾ കാത്തുനിൽക്കുന്നവർക്കും ഇത് വലിയ ആശങ്കയാണ്.

ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി ഉപയോഗിക്കുന്ന പാനൂർ ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി പൂർണമായും പ്രവർത്തനക്ഷമമാക്കുകയും, ആവശ്യമായ അധിക എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ച് മുഴുവൻ പരിസരവും പ്രകാശിപ്പിക്കുകയും ചെയ്യണമെന്ന് നാട്ടുകാരും ബസ് ജീവനക്കാരും വ്യാപാരികളും ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടു.

സുരക്ഷ ഉറപ്പാക്കാൻ രാത്രികാല പട്രോളിംഗ് ശക്തമാക്കുക, തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ബസ് സ്റ്റാൻഡിനെ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ കേന്ദ്രമാക്കി മാറ്റാൻ നഗരസഭയും ബന്ധപ്പെട്ട അധികൃതരും അടിയന്തര ഇടപെടൽ നടത്തണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375795/panur-bus-stand-in-darkness-after-7-pm-passengers-and-staff-face-safety-issues)