---
title: "പാനൂരിന്റെ കിഴക്കൻ മേഖലയിൽ സ്വർണ്ണം പൊട്ടിക്കൽ മാതൃകയിൽ വെടിമരുന്ന് കവർച്ചയും ; ക്വാറി മുതലാളിമാരിൽ നിന്നും കവരുന്നത് ലക്ഷങ്ങൾ"
english_title: "Gold Robbery Style Explosives Extortion Racket Active In Panur Quarries"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375709/gold-robbery-style-explosives-extortion-racket-active-in-panur-quarries"
published_at: "2026-07-31T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c48bc09310_kerala-supreme-court-stray-dogs-euthanasia.jpg"
keywords: ["Panur", "Quarry", "Explosives", "Narikodumala", "Pathikkal", "Illegal Mining"]
---

# പാനൂരിന്റെ കിഴക്കൻ മേഖലയിൽ സ്വർണ്ണം പൊട്ടിക്കൽ മാതൃകയിൽ വെടിമരുന്ന് കവർച്ചയും ; ക്വാറി മുതലാളിമാരിൽ നിന്നും കവരുന്നത് ലക്ഷങ്ങൾ

> **Lead Summary:** പാനൂർ: കരിങ്കൽ ക്വാറികളിലേക്ക് അനധികൃതമായി കൊണ്ടുവരുന്ന വെടിമരുന്ന് തട്ടിയെടുത്ത് ക്വാറി മുതലാളിമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടുന്ന സംഘം പാനൂരിന്റെ കിഴക്കൻ മേഖലയിൽ സജീവം.

## Article Content

പാനൂർ: കരിങ്കൽ ക്വാറികളിലേക്ക് അനധികൃതമായി കൊണ്ടുവരുന്ന വെടിമരുന്ന് തട്ടിയെടുത്ത് ക്വാറി മുതലാളിമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടുന്ന സംഘം പാനൂരിന്റെ കിഴക്കൻ മേഖലയിൽ സജീവം.

സ്വർണം പൊട്ടിക്കൽ മാതൃകയിലാണ് ഇവരുടെ കവർച്ച. നരിക്കോട്‌മല, പാത്തിക്കൽ ഭാഗങ്ങളിലെ ക്വാറികളിലേക്ക് അനധികൃതമായി എത്തിക്കുന്ന സ്ഫോടക വസ്തുക്കളാണ് സംഘം ലക്ഷ്യമിടുന്നത്.

ലോറിയിൽ വരുന്ന വെടിമരുന്ന് വഴിയിൽ തടഞ്ഞ ശേഷം 'ഇത് കണക്കിൽപ്പെടാത്തതാണ്, പോലീസിനെ അറിയിക്കും' എന്ന് ഭീഷണിപ്പെടുത്തും. തുടർന്ന് പ്രശ്നം ഒതുക്കിത്തീർക്കാൻ പണം ആവശ്യപ്പെടുന്നതാണ് സംഘത്തിന്റെ രീതി.

കഴിഞ്ഞ ദിവസം പാത്തിക്കലിൽ ഒരു വാഹനം തടഞ്ഞ സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഒടുവിൽ 15 ലക്ഷം രൂപ നൽകിയാണ് ക്വാറി ഉടമ പ്രശ്നം ഒതുക്കിയതെന്നാണ് വിവരം. ഈ സംഭവത്തെക്കുറിച്ച് പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്.

അനധികൃതമായി വെടിമരുന്ന് കടത്തുന്ന ലോറി ഡ്രൈവർമാർ തന്നെയാണ് സംഘത്തിന് വിവരം ചോർത്തി നൽകുന്നതെന്നാണ് സംശയം. തട്ടിയെടുക്കുന്ന പണത്തിൽ ഒരു വിഹിതം ഡ്രൈവർമാർക്കും നൽകുന്നുണ്ടത്രെ.ഇത്തരം ഇടപാടുകൾ വർധിച്ചുവന്നതോടെ പ്രദേശത്തെ ക്വാറി ഉടമകൾ രാഷ്ട്രീയ നേതൃത്വങ്ങളെ സമീപിച്ച് പരാതിപ്പെട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375709/gold-robbery-style-explosives-extortion-racket-active-in-panur-quarries)