---
title: "ഓണത്തിന് വ്യാജമദ്യത്തിനെതിരെ കണ്ണൂരിൽ എക്സൈസിന്റെ തീവ്ര പരിശോധന"
english_title: "Excise Department Launches Intensive Drive Against Illicit Liquor In Kannur For Onam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375680/excise-department-launches-intensive-drive-against-illicit-liquor-in-kannur-for-onam"
published_at: "2026-07-31T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c36fe03321_excise-intensive-check-kannur-onam.jpg"
keywords: []
---

# ഓണത്തിന് വ്യാജമദ്യത്തിനെതിരെ കണ്ണൂരിൽ എക്സൈസിന്റെ തീവ്ര പരിശോധന

> **Lead Summary:** കണ്ണൂർ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജമദ്യം, അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്തും വിൽപ്പനയും തടയാൻ എക്സൈസ് വകുപ്പ് തീവ്രയജ്ഞ പരിശോധന ആരംഭിക്കുന്നു.ആഗസ്റ്റ് 1 രാവിലെ 6 മണി മുതൽ 31 ന് രാത്രി 12 മണി വരെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധന.

## Article Content

കണ്ണൂർ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജമദ്യം, അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്തും വിൽപ്പനയും തടയാൻ എക്സൈസ് വകുപ്പ് തീവ്രയജ്ഞ പരിശോധന ആരംഭിക്കുന്നു.ആഗസ്റ്റ് 1 രാവിലെ 6 മണി മുതൽ 31 ന് രാത്രി 12 മണി വരെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധന.

കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എക്സൈസ് ഡിവിഷൻ ഓഫീസിൽ 24x7 ജില്ലാതല കൺട്രോൾ റൂം ആഗസ്റ്റ് 1 മുതൽ പ്രവർത്തിക്കും. ഒരു പ്രിവൻറിവ് ഓഫീസറുടെ നേതൃത്വത്തിലുള്ള കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ ഉടൻ റെയ്ഡ് നടത്തി നടപടി സ്വീകരിക്കും.

ജില്ലയിലെ എല്ലാ താലൂക്കുകളിലും സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂർ സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും വിന്യസിക്കും. ഒരു ഇൻസ്പെക്ടർ, ഒരു പ്രിവൻറിവ് ഓഫീസർ, രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവരടങ്ങുന്നതാണ് ഓരോ യൂണിറ്റും.

അതിർത്തി പ്രദേശങ്ങൾ, കോളനികൾ, ടൗണുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക സംയുക്ത പരിശോധനയും നടക്കും. സംശയകരമായ വാഹനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ചായിരിക്കും പ്രധാന പരിശോധന.

പരാതികൾ അറിയിക്കാൻ:

- ഡിവിഷനൽ കൺട്രോൾ റൂം: 04972 706698

- കണ്ണൂർ: 04972 749973

- തളിപ്പറമ്പ്: 04960 201020

- കൂത്തുപറമ്പ്: 04902 362103

- ഇരിട്ടി: 04902 472205

വിവരം നൽകുന്നവരുടെ പേരും വിവരങ്ങളും പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

ഓണക്കാലത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന തടയിടാനാണ് ഈ തീവ്ര പരിശോധനയെന്ന് അസി. എക്സൈസ് കമ്മീഷണർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375680/excise-department-launches-intensive-drive-against-illicit-liquor-in-kannur-for-onam)