---
title: "കതിരും കലപ്പയും ; പഴയ കാർഷിക പൈതൃകം  കൊളവല്ലൂർ എൽപി സ്കൂൾ  വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി."
english_title: "Kathirum Kalappayum Exhibition At Kolavallur LP School Introduces Farming Heritage To Students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375574/kathirum-kalappayum-exhibition-at-kolavallur-lp-school-introduces-farming-heritage-to-students"
published_at: "2026-07-30T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b398dcec35_kathirum-kalappayum-exhibition-kolavallur-lp-school.jpg"
keywords: ["Kathirum Kalappayum", "Kolavallur LP School", "Agricultural Heritage", "Farming Tools Exhibition"]
---

# കതിരും കലപ്പയും ; പഴയ കാർഷിക പൈതൃകം  കൊളവല്ലൂർ എൽപി സ്കൂൾ  വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.

> **Lead Summary:** > കൊളവല്ലൂർ: പഴയകാല കാർഷിക പാരമ്പര്യവും നാട്ടറിവുകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുന്നോത്തുപറമ്പ് കൊളവല്ലൂർ എൽ.പി. സ്കൂൾ @ കെ അക്കാദമിയിൽ സംഘടിപ്പിച്ച "കതിരും കലപ്പയും" എന്ന പഴയകാല കാർഷിക ഉപകരണ-നിത്യോപയോഗ സാധനങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.

## Article Content

> കൊളവല്ലൂർ: പഴയകാല കാർഷിക പാരമ്പര്യവും നാട്ടറിവുകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുന്നോത്തുപറമ്പ് കൊളവല്ലൂർ എൽ.പി. സ്കൂൾ @ കെ അക്കാദമിയിൽ സംഘടിപ്പിച്ച "കതിരും കലപ്പയും" എന്ന പഴയകാല കാർഷിക ഉപകരണ-നിത്യോപയോഗ സാധനങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.

വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരത്തോടുള്ള താൽപര്യം വളർത്തുകയും പൂർവികരുടെ ജീവിതരീതിയും അധ്വാനസംസ്കാരവും അടുത്തറിയാൻ അവസരമൊരുക്കുകയും ചെയ്ത പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.

പൂർവികർ കൃഷിക്ക് ഉപയോഗിച്ചിരുന്ന കലപ്പ, ഞാറ് നടീൽ ഉപകരണങ്ങൾ, കൊയ്ത്തുപകരണങ്ങൾ, ധാന്യസംഭരണത്തിനുള്ള പാത്രങ്ങൾ, അളവുപാത്രങ്ങൾ, വിവിധതരം പഴയ നിത്യോപയോഗ വസ്തുക്കൾ, അപൂർവ വിത്തിനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമ്പന്നമായ ശേഖരമാണ് പ്രദർശനത്തിൽ ഒരുക്കിയത്. ഇന്നത്തെ തലമുറയ്ക്ക് ഏറെ അപരിചിതമായിരുന്ന ഉപകരണങ്ങൾ നേരിൽ കാണാനും അവയുടെ ഉപയോഗരീതികൾ മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് അവസരമായി.

ലിജിലാലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ ടി.വി. കുഞ്ഞികണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. സമീറ പ്രദർശനം ഉദ്ഘാടനം ചെയ്തു. കാർഷിക സംസ്കാരവും നാട്ടറിവുകളും സംരക്ഷിച്ച് അടുത്ത തലമുറയിലേക്ക് കൈമാറുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് അവർ പറഞ്ഞു.

പൊയിലൂർ സ്വദേശിയായ എ.പി. കൃഷ്ണൻ മാസ്റ്റർ പ്രദർശനത്തിലെ ഓരോ ഉപകരണത്തിന്റെയും ഉപയോഗവും ചരിത്രവും വിശദീകരിച്ചു. പഴയകാല കാർഷിക ഉപകരണങ്ങൾ, വിവിധ വിത്തിനങ്ങൾ, പരമ്പരാഗത കൃഷിരീതികൾ, നാട്ടറിവുകൾ, വിത്തുകൾ മണ്ണിൽ പാകേണ്ട സമയക്രമങ്ങൾ, കാലാവസ്ഥയും കൃഷിയും തമ്മിലുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങളിൽ അദ്ദേഹം അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരണ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം ലളിതമായ ഭാഷയിൽ മറുപടി നൽകി.

കൃഷി തന്റെ ജീവിതലഹരിയാണെന്നും പൂർവികർ കൈമാറിയ കാർഷിക വിജ്ഞാനവും സംസ്കാരവും സംരക്ഷിച്ച് പുതിയ തലമുറയിലേക്ക് എത്തിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ ജില്ലയിലും ജില്ലയ്ക്ക് പുറത്തുമായി നിരവധി വേദികളിൽ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അപൂർവ ശേഖരം വിദ്യാർത്ഥികൾക്ക് കൗതുകവും അറിവും ഒരുപോലെ പകർന്നു.

പരിപാടിയിൽ കൃഷി ഓഫീസർ സി.വി. ആനന്ദും സ്കൂൾ മാനേജർ പി. ഭരതൻ മാസ്റ്ററും ചേർന്ന് എ.പി. കൃഷ്ണൻ മാസ്റ്ററെ ആദരിച്ചു. വി.കെ. ഷാജേഷ്, വി. സജീഷ്, കവിത രാഹുൽ, എൻ. സുധ, ഉബൈദുറഹ്മാൻ പി.സി. എന്നിവർ ആശംസകൾ നേർന്നു.

> പൂർവികരുടെ അധ്വാനത്തിന്റെയും കാർഷിക പൈതൃകത്തിന്റെയും മഹത്വം അനുഭവവേദ്യമാക്കിയ "കതിരും കലപ്പയും" പ്രദർശനം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള ജീവിതപാഠങ്ങൾ പകർന്ന ഈ പ്രദർശനം കാർഷിക പൈതൃക സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പുതുതലമുറയിൽ അവബോധം സൃഷ്ടിക്കുന്ന ശ്രദ്ധേയമായ വിദ്യാഭ്യാസ സംരംഭമായി മാറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375574/kathirum-kalappayum-exhibition-at-kolavallur-lp-school-introduces-farming-heritage-to-students)