---
title: "പേരിൽ മാത്രം 'ചോട്ടാ', വലുപ്പത്തിൽ ഭീമൻ..! ; ചമ്പാട്ടെ പഴവർഗ വിപണിയിൽ താരമായി ആന്ധ്രയിൽ നിന്നെത്തിയ ചോട്ടാ പുരി മാമ്പഴം"
english_title: "Chotta Puri Mango From Andhra Becomes Star At Champad Fruit Market Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375500/chotta-puri-mango-from-andhra-becomes-star-at-champad-fruit-market-kerala"
published_at: "2026-07-30T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6af892e8f19_chotta-puri-mango-andhra-champad.jpg"
keywords: ["Chotta Puri Mango", "Champad", "Kurichikara", "Andhra Mango", "Sajeeban Fruits"]
---

# പേരിൽ മാത്രം 'ചോട്ടാ', വലുപ്പത്തിൽ ഭീമൻ..! ; ചമ്പാട്ടെ പഴവർഗ വിപണിയിൽ താരമായി ആന്ധ്രയിൽ നിന്നെത്തിയ ചോട്ടാ പുരി മാമ്പഴം

> **Lead Summary:** ചമ്പാട്: ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ചോട്ടാ പുരി മാമ്പഴമാണ് ഇപ്പോൾ ചമ്പാട് കുറിച്ചിക്കരയിലെ പഴവർഗ വിപണിയിൽ ശ്രദ്ധ നേടുന്നത്. കുറിച്ചിക്കരയിലെ സജീവന്റെ ഫ്രൂട്സ് സെന്ററിലാണ് ഈ വ്യത്യസ്ത ഇനം മാമ്പഴം വിൽപ്പനയ്ക്കെത്തിയത്.

## Article Content

ചമ്പാട്: ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ചോട്ടാ പുരി മാമ്പഴമാണ് ഇപ്പോൾ ചമ്പാട് കുറിച്ചിക്കരയിലെ പഴവർഗ വിപണിയിൽ ശ്രദ്ധ നേടുന്നത്. കുറിച്ചിക്കരയിലെ സജീവന്റെ ഫ്രൂട്സ് സെന്ററിലാണ് ഈ വ്യത്യസ്ത ഇനം മാമ്പഴം വിൽപ്പനയ്ക്കെത്തിയത്.

സാധാരണ മാമ്പഴങ്ങളിൽ നിന്ന് രൂപത്തിലും വലുപ്പത്തിലും രുചിയിലും ഏറെ വ്യത്യസ്തമാണ് ചോട്ടാ പുരി. കൃത്രിമമായി പഴുപ്പിക്കാതെ, കണ്ണിയോടുകൂടി നേരിട്ട് മാവിൽ നിന്ന് പറിച്ചെടുത്ത് സ്വാഭാവികമായി പഴുപ്പിച്ച മാമ്പഴങ്ങളാണിവയെന്ന് വ്യാപാരി സജീവൻ പറഞ്ഞു. അതുകൊണ്ടുതന്നെ സ്വാഭാവിക രുചിയും സുഗന്ധവും നിലനിർത്തുന്ന ഈ മാമ്പഴത്തിന് ഉപഭോക്താക്കളുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കിലോയ്ക്ക് 80 രൂപയാണ് വില. എന്നാൽ പേരിൽ മാത്രം 'ചോട്ടാ'യുള്ള ഈ മാമ്പഴം രണ്ടെണ്ണം മാത്രം എടുത്താലും ഒരു കിലോയിലധികം തൂക്കം വരുമെന്നതാണ് പ്രത്യേകത. സാധാരണ മാമ്പഴങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രുചിയും മാംസളമായ ഉൾഭാഗവും ഈ ഇനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

വിറ്റാമിനുകളും പോഷകഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യബോധമുള്ള ഉപഭോക്താക്കളും ഈ മാമ്പഴം തേടിയെത്തുന്നുണ്ടെന്ന് സജീവൻ പറയുന്നു. കൗതുകം കൊണ്ടും വ്യത്യസ്തമായ രുചി അറിയാനുള്ള ആഗ്രഹം കൊണ്ടും നിരവധി പേരാണ് ചോട്ടാ പുരി വാങ്ങാൻ എത്തുന്നത്.

നേരത്തെയും പാക്കിങ് സംവിധാനത്തോടുകൂടിയ പ്രത്യേക ഇനം മാമ്പഴങ്ങൾ വിപണിയിലെത്തിച്ച് ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരുന്ന സജീവൻ ഫ്രൂട്സ് സെന്റർ, ഇത്തവണ ആന്ധ്രയുടെ 'ചോട്ടാ പുരി' മാമ്പഴത്തിലൂടെയും പഴവർഗ വിപണിയിൽ പുതിയ താരത്തെ പരിചയപ്പെടുത്തുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375500/chotta-puri-mango-from-andhra-becomes-star-at-champad-fruit-market-kerala)