---
title: "വളയത്ത് പത്തുവയസ്സുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ് ;  49കാരന് 22 വർഷം കഠിന തടവും പിഴയും"
english_title: "Nadapuram POCSO Court Sentences Man To 22 Years Jail For Sexual Assault On 10 Year Old"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375402/nadapuram-pocso-court-sentences-man-to-22-years-jail-for-sexual-assault-on-10-year-old"
published_at: "2026-07-29T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a25fd00862_nadapuram-pocso-court-22-years-jail-sexual-assault.jpg"
keywords: ["Nadapuram", "POCSO Court", "Sexual Assault", "Child Abuse", "Fast Track Court"]
---

# വളയത്ത് പത്തുവയസ്സുകാരനെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ് ;  49കാരന് 22 വർഷം കഠിന തടവും പിഴയും

> **Lead Summary:** നാദാപുരം: പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. വളയം കുറുവന്തേരി സ്വദേശി കല്ലിൽ മഹമൂദ് നെയാണ് കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

## Article Content

നാദാപുരം: പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി. വളയം കുറുവന്തേരി സ്വദേശി കല്ലിൽ മഹമൂദ് നെയാണ് കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. 2021 ഓഗസ്റ്റ് 15-ന് വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതി, ബന്ധു കൂടിയായ കുട്ടിയെ അതിരാവിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിൽ ആളില്ലാത്ത സമയം നോക്കി കുട്ടിയെ വീടിന്റെ മുകൾ നിലയിലേക്ക് കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

സംഭവത്തെ തുടർന്ന് ഓഗസ്റ്റ് 18-ന് കുട്ടി വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എഎസ്ഐ കുഞ്ഞുമോൾ ആണ് പരാതി രേഖപ്പെടുത്തിയത്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർമാരായ ജീവൻ ജോർജ്, അജീഷ് എ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

ആദ്യം പ്രതിയെ കോഴിക്കോട് വെച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ തെളിവില്ലെന്ന് കണ്ടതിനാൽ വിട്ടയച്ചു. ഇതിനുശേഷം പ്രതി വീണ്ടും വിദേശത്തേക്ക് പോയി. തുടരന്വേഷണത്തിൽ ഇയാളെ കേസിൽ പ്രതി ചേർത്തു. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തു.

വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എഎസ്ഐ ഷാനി പി.എം പ്രോസിക്യൂഷൻ വിംഗിനെ ഏകോപിപ്പിച്ചു.

വിചാരണയ്ക്കിടെ പ്രതി, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, കുട്ടിയെ ചികിത്സിച്ച നാദാപുരം ഗവ. ആശുപത്രിയിലെ ഡോ. പ്രജിത, വളയം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കുഞ്ഞുമോൾ എന്നിവർക്കെതിരെ വ്യാജരേഖ സമർപ്പിച്ചു എന്ന് ആരോപിച്ച് സ്വകാര്യ അന്യായം നൽകിയിരുന്നെങ്കിലും കോടതി അത് തള്ളി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375402/nadapuram-pocso-court-sentences-man-to-22-years-jail-for-sexual-assault-on-10-year-old)