---
title: "വേറ്റുമ്മൽ രതീഷ് വധക്കേസിൽ ഒളിവിൽ കഴിഞ്ഞ  പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ ; പ്രതിയായ  കതിരൂർ സ്വദേശി 15 വർഷമായി പയ്യന്നൂരിൽ തട്ടുകട നടത്തുന്നു"
english_title: "Wanted Accused in Vettummal Ratheesh Murder Case Arrested After 25 Years From Payyannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375316/wanted-accused-in-vettummal-ratheesh-murder-case-arrested-after-25-years-from-payyannur"
published_at: "2026-07-29T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69bc2cc7c89_vettummal-ratheesh-murder-case-accused-arrested-after-25-.jpg"
keywords: ["Kannur City Police", "Vettummal Ratheesh Murder", "Wanted Accused", "Payyannur", "Kathiroor", "Cold Case"]
---

# വേറ്റുമ്മൽ രതീഷ് വധക്കേസിൽ ഒളിവിൽ കഴിഞ്ഞ  പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ ; പ്രതിയായ  കതിരൂർ സ്വദേശി 15 വർഷമായി പയ്യന്നൂരിൽ തട്ടുകട നടത്തുന്നു

> **Lead Summary:** കതിരൂർ:25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതിയാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട പ്രതിയെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

കതിരൂർ:25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. 2001-ൽ നടന്ന വേറ്റുമ്മൽ രതീഷ് വധക്കേസിൽ കോടതിയാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട പ്രതിയെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കതിരൂർ സ്വദേശി സി.എച്ച്. അഷ്റഫ് (58) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഏകദേശം പത്ത് വർഷത്തോളം മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഹോട്ടൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞ പ്രതി, പിന്നീട് കഴിഞ്ഞ 15 വർഷത്തോളമായി പയ്യന്നൂരിന് സമീപം താമസിച്ച് തട്ടുകട നടത്തി വരികയായിരുന്നു.

സിറ്റി പോലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസ്.യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം ഊർജിതമാക്കിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് മുംബൈ, ചെന്നൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാണ് പ്രതി പയ്യന്നൂരിന് സമീപം താമസിച്ച് കച്ചവടം നടത്തുന്നുണ്ടെന്ന നിർണായക വിവരം പോലീസിന് ലഭിച്ചത്.

തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി പയ്യന്നൂരും സമീപ പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിലും തട്ടുകടകളിലും കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ഇന്ന് പുലർച്ചെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

25 വർഷമായി പ്രതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്നതും രൂപഭാവത്തിൽ വലിയ മാറ്റമുണ്ടായിരുന്നതും അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു. പ്രതി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം അഷ്റഫിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375316/wanted-accused-in-vettummal-ratheesh-murder-case-arrested-after-25-years-from-payyannur)