---
title: "കണ്ണൂരിൽ റോഡ് നീളെ മീൻ വെള്ളം വീഴ്ത്തി മലിനമാക്കിയ മിനിലോറി പിടികൂടിയ എൻഫോഴ്സ്മെന്റ് സ്ക്വാഡ്  5000 രൂപ പിഴ ചുമത്തി"
english_title: "Mini Lorry Fined Rs 5000 in Kannur for Dumping Fish Waste Water on Road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375306/mini-lorry-fined-rs-5000-in-kannur-for-dumping-fish-waste-water-on-road"
published_at: "2026-07-29T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69b2fa03aab_kannur-mini-lorry-fined-5000-fish-waste.jpg"
keywords: ["Kannur", "Peralasseri", "Mini Lorry Fine", "Fish Waste", "Local Self Government", "Enforcement Squad", "Environmental Violation"]
---

# കണ്ണൂരിൽ റോഡ് നീളെ മീൻ വെള്ളം വീഴ്ത്തി മലിനമാക്കിയ മിനിലോറി പിടികൂടിയ എൻഫോഴ്സ്മെന്റ് സ്ക്വാഡ്  5000 രൂപ പിഴ ചുമത്തി

> **Lead Summary:**  കണ്ണൂർ:റോഡിൽ നീളെ മീൻ വെള്ളം ഒഴുക്കി പരിസ്ഥിതി മലിനമാക്കിയ മിനിലോറിക്ക് 5000 രൂപ പിഴ ചുമത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്.

## Article Content

 കണ്ണൂർ:റോഡിൽ നീളെ മീൻ വെള്ളം ഒഴുക്കി പരിസ്ഥിതി മലിനമാക്കിയ മിനിലോറിക്ക് 5000 രൂപ പിഴ ചുമത്തി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്.

തലശ്ശേരിയിൽ നിന്ന് മത്സ്യവുമായി പുറപ്പെട്ട കെഎൽ 58 ക്യു 80 43 നമ്പർ ബൊലേറോ മിനിലോറിയാണ് പെരളശ്ശേരിക്ക് സമീപം വെച്ച് സ്ക്വാഡ് തടഞ്ഞത്. ലോറി ഉടമയായ സി. സുനീറിന്റെ പേരിലാണ് പഞ്ചായത്തീരാജ് ആക്ട് പ്രകാരം പിഴ ഈടാക്കിയത്.

അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ മീൻ പെട്ടികൾ അടുക്കി വെച്ച് മലിനജലം റോഡിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്ന ലോറിയുടെ വീഡിയോ സഹിതമാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം സ്ഥിരീകരിച്ചത്.

നിയമലംഘനം നടന്നത് പെരളശ്ശേരി പഞ്ചായത്തിന്റെ പരിധിയിലായതിനാൽ പഞ്ചായത്തീരാജ് ആക്ട് അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മലിനജലം ഒഴുക്കിവിടൽ, മാലിന്യം വലിച്ചെറിയൽ, നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വിൽപ്പനയും ഉപയോഗവും തുടങ്ങിയ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446 700 800 എന്ന നമ്പറിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുമായി ബന്ധപ്പെടാവുന്നതാണ്.

പൊതുജനങ്ങൾ നൽകുന്ന പരാതികളുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇത്തരം പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375306/mini-lorry-fined-rs-5000-in-kannur-for-dumping-fish-waste-water-on-road)