---
title: "വടകര ലഹരി കേസ്: അന്വേഷണം വയനാട് സ്വദേശിയിലേക്ക്, ബാങ്ക് ഇടപാടുകളും പരിശോധനയിൽ"
english_title: "Vadakara Drug Case Investigation Expands to Wayanad Native, Bank Transactions Under Scanner"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375277/vadakara-drug-case-investigation-expands-to-wayanad-native-bank-transactions-under-scanner"
published_at: "2026-07-29T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6999f09912f_vadakara-drug-case-investigation-wayand-native-bank.jpg"
keywords: ["Vadakara", "Vadakara Drug Case", "Wayanad", "Bank Transactions", "Drug Peddling", "Crime News"]
---

# വടകര ലഹരി കേസ്: അന്വേഷണം വയനാട് സ്വദേശിയിലേക്ക്, ബാങ്ക് ഇടപാടുകളും പരിശോധനയിൽ

> **Lead Summary:** വടകര: വടകര ലഹരി കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു . കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണ സംഘം

## Article Content

വടകര: വടകര ലഹരി കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു . കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണ സംഘം

കഴിഞ്ഞ ദിവസം അറസ്റ്റിലായ ജിജിൽ കുര്യാക്കോസിൽ നിന്ന് ലഭിച്ച നിർണായക മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം. വയനാട് സ്വദേശിയെ ഉടൻ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകളുടെ ശൃംഖലയെ കുറിച്ചും മറ്റ് കണ്ണികളെ കുറിച്ചും ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം കേസിലെ പ്രതികളുടെ ബാങ്ക് ഇടപാടുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ലഹരി വിൽപ്പനയിൽ നിന്ന് ലഭിച്ച പണം കൈമാറ്റം ചെയ്ത വഴികളും ഇടപാടുകളും കണ്ടെത്താനാണ് സൈബർ സെല്ലിന്റെയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും സഹായം തേടിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് മറ്റൊരു യുവതി കൂടി ഇപ്പോൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ അറസ്റ്റിലായ രണ്ട് അധ്യാപികമാരായ കാവ്യയുടെയും കീർത്തനയുടെയും അടുത്ത സുഹൃത്താണ് ഈ യുവതി. ഇവർ നിലവിൽ ബംഗളൂരുവിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

റിമാൻഡിൽ കഴിയുന്ന കാവ്യ, കീർത്തന എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി സമർപ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതുപോലെ കഴിഞ്ഞ ദിവസം അറസ്റ്റിലായ നീഷ്മയെയും ജിജിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡി അനുവദിച്ചു കിട്ടിയാൽ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375277/vadakara-drug-case-investigation-expands-to-wayanad-native-bank-transactions-under-scanner)